19
May 2024
Fri
19 May 2024 Fri
gulf rain troll

ദോഹ/മനാമ: ചൂട് വെള്ളത്തില്‍ വീണ പൂച്ച, പച്ച വെള്ളം കണ്ടാലും പേടിക്കുമെന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയായിരുന്നു ഇന്നലെ വിവിധ ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ അവസ്ഥ. കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ഔദ്യോഗിക മഴ മുന്നറിയിപ്പ് വ്‌ളോഗര്‍മാരും യൂട്യൂബര്‍മാരും റേഡിയോ ജോക്കികളുമൊക്കെ ആവശ്യത്തിലധികം പൊലിപ്പിച്ചപ്പോള്‍ ആരും ഒന്ന് ഭയന്നു പോവും. ദുബയിലെ വെള്ളപ്പൊക്കത്തിലെ ദുരിതം കേട്ടറിഞ്ഞ പ്രവാസികള്‍ പ്രത്യേകിച്ചും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ബുധനാഴ്ച്ച തുടങ്ങി വ്യാഴാഴ്ച്ചയോടെ മഴ ശക്തമാവുമെന്നായിരുന്നു ഔദ്യോഗിക മുന്നറിയിപ്പ്. ജാഗ്രതയ്ക്ക് ഒട്ടും കുറവ് വരേണ്ടെന്ന് കരുതി, സാധാരണ താഴ്ന്ന പ്രദേശത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മുഴുവന്‍ ഉയര്‍ന്ന പ്രദേശങ്ങളിലും സുരക്ഷിതമെന്ന് തോന്നുന്ന കൂട്ടുകാരുടെ വീടുകളിലുമൊക്കെ കൊണ്ടു പോയിട്ടു. ഭക്ഷണ സാധനങ്ങള്‍ക്കു പുറമേ കറന്റ് പോയാലോ എന്ന് കരുതി എക്‌സ്ട്രാ പവര്‍ ബാങ്കുകള്‍ വരെ വാങ്ങി സൂക്ഷിച്ചവരുണ്ട്. ആലിപ്പഴ വര്‍ഷം പേടിച്ച് വാഹനങ്ങളുടെ ചില്ലുകള്‍ കാര്‍ഡ് ബോര്‍ഡും വച്ച് മൂടുകയും മേല്‍ക്കൂരയുള്ള പാര്‍ക്കിങ്ങുകളില്‍ കൊണ്ടുപോയിടുകയും ചെയ്തവര്‍ നിരവധിയാണ്.

ആളുകള്‍ക്ക് ശമ്പളം ലഭ്യമാകുന്ന മാസാവസാനം പൊതുവെ വിപണിയില്‍ ഉണ്ടാകുന്ന ഉണര്‍വ് ഇത്തവണ മഴ തണുപ്പിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ അപൂര്‍വം ആളുകള്‍ വന്നതൊഴിച്ചാല്‍ മഴ പെയ്യുമെന്ന അറിയിപ്പ് പൊതുവെ വിപണിയില്‍ മാന്ദ്യമാണ് ഉണ്ടാക്കിയത്.

എന്നാല്‍, ദുബൈ നഗരത്തെ മുക്കിയ മഴ പ്രതീക്ഷിച്ചവരെയെല്ലാം പറ്റിച്ച് മഴ ചിന്നിച്ചിണുങ്ങി പെയ്ത് പോയി. അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ മാത്രമാണ് ശക്തമായി പെയ്തത്. ഇതോടെ പേടിപ്പിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയവരെ തേടിയിറങ്ങിയിരിക്കുകയാണ് പ്രവാസികള്‍. പ്രവാസി ട്രോളന്മാര്‍ക്ക് പ്രതീക്ഷിച്ച പോലെ മഴ പെയ്യാത്തതും ചാകരയായി.

മഴ പ്രവചനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളെ കുറിച്ച് രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ. ഖത്തറിലെ ഒരു പ്രവാസിയുടെ കമന്റ് ഇങ്ങിനെ:
”വണ്ടി മുങ്ങിപ്പോകാതിരിക്കാന്‍ കത്താറയിലെ കുന്നിന്റെ മോളിലിട്ട് ദോഹയിലേക്ക് ഊബര്‍ വിളിച്ചു പോയി. ഇന്ന് രാവിലെ എണീറ്റ് ഊബര്‍ വിളിച്ച് വണ്ടി എടുത്തോണ്ട് പോന്നു.
ഫോര്‍കാസ്റ്റ് നടത്തുന്നോനെ ഒക്കെ മടല് വെട്ടി അടിക്കണം.

”ആലിപ്പഴം വീണ് കാറിന്റെ ഗ്ലാസ് പോട്ടേണ്ട എന്ന് കരുതി കമ്പനി പാര്‍ക്കിങ്ങില്‍ ഷെഡിന് താഴെ വെച്ചു യൂബര്‍ വിളിച്ചു വീട്ടില്‍ പോയി.. രാവിലെ ഡ്യൂട്ടിക്ക് വന്നു നോക്കുമ്പോള്‍ കാറ്റടിച്ചു ഷെഡ് വണ്ടിക്ക് മുകളില്‍ കിടക്കുന്നു!! ബല്ലാത്ത പ്രവചനം ആയി പോയി” എന്നാണ് മറ്റൊരാളുടെ കമന്റ്.

”50 റിയാല്‍ കൊടുതൂ കയറു വാങ്ങിച്ചു, ആ കയറിന്റെ പൈസയും കൂടി പോയി കിട്ടി. വണ്ടി കെട്ടിയിടാന്‍ വേണ്ടിയായിരുന്നു…മഴയത്ത് ഒലിച്ചു പോകാതിരിക്കാന്‍!!.”

വേറൊരു രസകരമായ കമന്റ് ഇങ്ങിനെ ആയിരുന്നു: ”പെരുമഴ വരുമെന്ന് കരുതി രണ്ട് പവര്‍ ബാങ്കും 5 കിലോ നേന്ത്രപഴവും വാങ്ങി വെച്ച ഞാന്‍..”

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക