 
                    രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രായേലിന് കൈമാറി.
റെഡ് ക്രോസ് വഴി ഇസ്രായേലി സൈന്യം രണ്ട് മൃതദേഹങ്ങളും ഏറ്റുവാങ്ങിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യാഴാഴ്ച അറിയിച്ചു.
|  | 
 | 
മൃതദേഹങ്ങള്‍ ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിനിടെ കിബ്ബൂസ് നിന്‍ ഓസില്‍ നിന്ന് പിടിച്ചു കൊണ്ടുപോയ അമിറാം കൂപ്പറിന്റെയും കിബ്ബൂസ് ബെയേരിയില്‍ നിന്ന് പിടിച്ചു കൊണ്ടുപോയ സഹര്‍ ബറൂക്കിന്റെയും ആണെന്ന് പിന്നീട് അധികൃതര്‍ തിരിച്ചറിഞ്ഞു. തെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മരണ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കുമെന്നും ഇസ്രായേലി അധികൃതര്‍ പറഞ്ഞു.
യുഎസിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം, ഇസ്രായേലിന്റെ രണ്ട് വര്‍ഷം നീണ്ട ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, 2,000-ത്തോളം പലസ്തീന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ജീവിച്ചിരുന്ന 20 ബന്ദികളെ വിട്ടയച്ചിരുന്നു. ഇസ്രായേല്‍ സൈന്യം ഗസയിലെ നഗര കേന്ദ്രങ്ങളില്‍ നിന്ന് ഭാഗികമായി പിന്മാറ്റം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ ലംഘനം
എന്നാല്‍ ഒക്ടോബര്‍ 10-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷവും ഗസയില്‍ ഇസ്രായേല്‍ നിരന്തരം ആക്രമണങ്ങള്‍ തുടരുകയാണ്. ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ 104 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: ഫ്രഷ് കട്ട് അടച്ചുപൂട്ടും വരെ സമരം; വോട്ട് ചെയ്യില്ലെന്ന് നാട്ടുകാര്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ മൃതദേഹങ്ങള്‍ക്ക് പകരമായി, 28 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ മുഴുവനും കൈമാറാന്‍ ഹമാസ് സമ്മതിച്ചിരുന്നു. വ്യാഴാഴ്ച വരെ 15 മൃതദേഹാവശിഷ്ടങ്ങളാണ് കൈമാറിയത്. അവശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനായി, ഇസ്രായേല്‍ ബോംബിങില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കും മറ്റുമടിയില്‍ തിരയേണ്ടി വരും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്.
എന്നാല്‍, ഗസയിലുള്ള ഇസ്രായേലി ബന്ദികളുടെ ശേഷിക്കുന്ന മൃതദേഹങ്ങള്‍ കൈമാറാന്‍ ഹമാസ് മനപ്പൂര്‍വ്വം കാലതാമസം വരുത്തുകയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.
മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിലും കൈമാറുന്നതിലുമുള്ള തര്‍ക്കം, സമാധാന കരാര്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഗസയുടെ ഭാവി ഭരണനിര്‍വ്വഹണം, ഹമാസ് നിരായുധീകരണം തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പ്രധാന തടസ്സങ്ങള്‍ ഇനിയും മുന്നിലുണ്ട്.
എന്‍ജിഒകളുടെ പങ്ക്
നേരത്തെ, ദക്ഷിണ ഗസയിലെ ഖാന്‍ യൂനിസിന്റെ കിഴക്കന്‍ മേഖലകളില്‍ ഇസ്രായേലി വിമാനങ്ങള്‍ 10 വ്യോമാക്രമണങ്ങള്‍ നടത്തിയെന്നും വടക്കന്‍ ഗസ സിറ്റിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ടാങ്കുകള്‍ ഷെല്ലാക്രമണം നടത്തിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തങ്ങളുടെ സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുള്ള ാസയിലെ പ്രദേശങ്ങളില്‍ ‘സൈനികര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു.
അതിനിടെ, വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 24,000 ടണ്ണിലധികം യുഎന്‍ സഹായം ഗാസയില്‍ എത്തിച്ചതായി യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു, ഇതിന്റെ വിതരണത്തിന് സഹായിക്കാന്‍ എന്‍ജിഒകളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് സഹായത്തിന്റെ അളവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും ഫണ്ടിന്റെ കുറവും പ്രധാനപ്പെട്ട അതിര്‍ത്തി കടന്നുപോകുന്നതിലുള്ള തടസ്സങ്ങളും നേരിടുന്നുണ്ട്.
വെടിനിര്‍ത്തലിനെത്തുടര്‍ന്ന് 20 ദിവസത്തിനുള്ളില്‍ ഗാസയില്‍ 20,000 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചതായി വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ സാമര്‍ അബ്ദുല്‍ ജാബര്‍ പറഞ്ഞു.
കിഴക്കന്‍ ഗസ സിറ്റിയിലെ തുഫാ, ഷുജായ്യ പരിസര പ്രദേശങ്ങളില്‍ ഇസ്രായേലി സൈന്യം വ്യാഴാഴ്ച വീടുകള്‍ പൊളിച്ചുനീക്കിയതായി പ്രദേശവാസികള്‍ അല്‍ ജസീറയോട് പറഞ്ഞു. ഈ മാസം ആദ്യം ഈ പ്രദേശത്ത് ഇസ്രായേല്‍ കരസേനയുടെ പുതിയ അധിനിവേശം ആരംഭിച്ചതുമുതല്‍ ഇസ്രായേല്‍ വീടുകള്‍ ഇടിച്ചു നിരത്തുകയാണ്. ഇത്, വലിയ തോതിലുള്ള ഒഴിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമാണ് എന്ന് താമസക്കാര്‍ പറയുന്നു. ഇസ്രായേലി സൈന്യം ഗസാ സിറ്റിയുടെ കിഴക്കന്‍ ജില്ലകളിലേക്ക് കൂടുതല്‍ ആഴത്തില്‍ കടന്നുചെല്ലുമ്പോള്‍ ബുള്‍ഡോസറുകള്‍ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്ത് തെരുവുകള്‍ മുഴുവനും നിരപ്പാക്കി മാറ്റിയിരിക്കുകയാണ്.
 
                                 
                            
 
                                 
                                 
                                
 
                                     
                                     
                                    
 
                         
                         
                         
                         
                        
 
                         
                         
                        