15
Oct 2025
Mon
15 Oct 2025 Mon
israel genocide gaza

എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഗസയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. ഞായറാഴ്ച്ച രാവിലെ മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമാധാന ഉടമ്പടി ആരംഭിച്ചതിനുശേഷം ഇസ്രായേല്‍ കുറഞ്ഞത് 97 പലസ്തീനികളെ കൊല്ലുകയും 230 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും 80 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറയുന്നു.

ഹമാസിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവാശവദാം. റഫാ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായി ഇസ്രായേല്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം ഹമാസ് നിഷേധിച്ചു.

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് ഉന്നത തല സംഘം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലെത്തി. ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ നടപടികള്‍ക്കായാണ് സംഘമെത്തിയത്. കരാറിലെ വ്യവസ്ഥകള്‍ ഹമാസ് പൂര്‍ണമായും പാലിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

അതിനിടെ, ഇസ്രായേല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ഗസയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് അടിയന്തര യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. തുടര്‍ച്ചയായ ലംഘനങ്ങള്‍ക്കു പിന്നാലെ വെടിനിര്‍ത്തലിലേക്ക് തിരിച്ചു വരാന്‍ യോഗത്തില്‍ ധാരണയായി. സഹായ സാമഗ്രികളുടെ വിതരണം തുടരാനും തീരുമാനിച്ചു. കടുത്ത അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് മാറ്റമെന്നാണ് സൂചന.

ഗസയിലെ വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, സാഹചര്യം ‘വളരെ സമാധാനപരമാണ്’ എന്ന് ഉറപ്പാക്കാന്‍ വാഷിംഗ്ടണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ കുറഞ്ഞത് 68,159 പേര്‍ കൊല്ലപ്പെടുകയും 170,203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 7-ലെ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ ആകെ 1,139 പേര്‍ കൊല്ലപ്പെടുകയും 200 പേരെ ബന്ദികളാക്കുകയും ചെയ്തു.