America and Israel planning to divide Gaza ഗസയില്‍ ഇസ്രായേലിന്റെയും ഹമാസിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ താല്‍ക്കാലികമായി വിഭജിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായേലും പഠിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
|
വിഭജനത്തെകുറിച്ചുള്ള പുതിയ വിവരങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഗസ മുനമ്പ് വിഭജിക്കാനുള്ള ആശയം അറബ് മധ്യസ്ഥര്‍ ശക്തമായി നിരസിച്ചു.
ഗസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ ഫണ്ട് അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും ഗസ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന മധ്യസ്ഥനുമായ ജാരെഡ് കുഷ്‌നര്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗസയിലെ പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണം എങ്ങിനെ ആരംഭിക്കാം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കുഷ്‌നര്‍ പറഞ്ഞു. കിര്യത്ത് ഗട്ടിലെ യു.എസ്-ഇസ്രായേല്‍ ഗസ വെടിനിര്‍ത്തല്‍ ഏകോപന കേന്ദ്രത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കുഷ്‌നര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; അടുത്ത അഞ്ച് ദിവസം മഴ തുടരും
അതേസമയം, ജെ.ഡി. വാന്‍സ് ഇസ്രായേല്‍ സന്ദര്‍ശനം തുടരുകയാണ്. അമേരിക്കന്‍ വിദേശ മന്ത്രി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇസ്രായേലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇസ്രായില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങി.
കടുത്ത നിബന്ധനകളുമായി നെതന്യാഹു
സമാധാന കരാര്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ ഗസ നിയന്ത്രണത്തില്‍ കടുംപിടിത്തം തുടര്‍ന്ന് ഇസ്രായേല്‍. യുദ്ധാനന്തര ഗസയുടെ ഭരണത്തില്‍ ഹമാസോ ഫലസ്തീന്‍ അതോറിറ്റിയോ പാടില്ലെന്ന് പറഞ്ഞ നെതന്യാഹു, തുര്‍ക്കി സൈന്യത്തെയും അനുവദിക്കില്ലെന്ന് യുഎസിനെ അറിയിച്ചു.
ഇതുള്‍പ്പെടെ നിരവധി വ്യവസ്ഥകളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി യുഎസിന് മുന്നില്‍ അവതരിപ്പിച്ചത്. ഹമാസ് പൂര്‍ണമായും നിരായുധീകരിക്കപ്പെടുകയും ഗസാ മുനമ്പില്‍ നിന്ന് പിന്മാറുകയും ചെയ്തതിനുശേഷം മാത്രമേ ഐഡിഎഫിനെ പൂര്‍ണമായും പിന്‍വലിക്കൂ എന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഗസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നിരിക്കെയാണ് നെതന്യാഹു പിടിവാശി തുടരുന്നത്.
ഗസ മുനമ്പില്‍ ഭാവിയില്‍ ഫലസ്തീന്‍ ഭരണകൂടത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു, എന്നാല്‍ നിലവിലെ ഫലസ്തീന്‍ ഭരണാധികാരികള്‍ക്ക് ഗസയില്‍ സ്വതന്ത്രമായ നിയന്ത്രണം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.


