മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനമുയര്‍ത്തി പി വി അന്‍വര്‍ എംഎല്‍എ.(Home Department is ruled by P Shashi; ADGP laundered black money: PV Anwar) ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി.ശശിയാണെന്ന് അന്‍വര്‍ ആരോപിച്ചു. ശശിയുടെ നടപടികള്‍ പാര്‍ട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.വി അന്‍വര്‍ ആവശ്യപ്പെട്ടു.
|
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി ശശിയും എം ആര്‍ അജിത് കുമാറുമാണ്. അതിന് ശേഷം താന്‍ പി ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.
എഡിജിപി സോളാര്‍ കേസ് ഒതുക്കാന്‍ കൈകൂലി വാങ്ങിയെന്ന ആരോപണവും അന്‍വര്‍ ഉയര്‍ത്തി. എഡിജിപി കൈക്കുലിയായി ലഭിച്ച കള്ളപ്പണം ഫ്‌ളാറ്റ് വാങ്ങി വെളുപ്പിച്ചു. 33 ലക്ഷം രൂപക്ക് അജിത് കുമാര്‍ വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസത്തിനുള്ളില്‍ 62 ലക്ഷം രൂപക്ക് മറിച്ച് വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ ആരോപിച്ചു.
വസ്തുവാങ്ങി 90 ദിവസത്തിനുള്ളില്‍ മറിച്ച് വില്‍ക്കുകയാണെങ്കില്‍ ഇരട്ട സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും നല്‍കണം. എന്നാല്‍, അധികാര ദുര്‍വിനിയോഗം നടത്തി ഈ തുക അജിത് കുമാര്‍ അടക്കാതിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഴിമതിയാണ് അജിത് കുമാര്‍ നടത്തിയതെന്നും പി.വി അന്‍വര്‍ ആരോപിച്ചു.
ഈ ഫ്‌ളാറ്റ് അഴിമതി കൂടി വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ നിരവധി തവണ എം ആര്‍ അജിത് കുമാര്‍ വിദേശയാത്ര നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ നല്‍കിയിട്ടുണ്ട്.


