21
Apr 2024
Thu
21 Apr 2024 Thu
jaundice cases increasing in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് എല്ലാ പരിധികളും വിട്ട് ഉയര്‍ന്ന് തുടങ്ങിയതോടെ പലവിധ വേനല്‍ക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കുകയാണ്. വെള്ളത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് ഏറ്റവും പ്രധാന വില്ലന്‍. ആഘോഷ ചടങ്ങുകളിലും തെരുവോര കടകളിലും മറ്റും ശുദ്ധമല്ലാത്ത കുടിവെള്ളവും പാനീയങ്ങളും ഉപയോഗിക്കുന്നതാണ് രോഗ പകര്‍ച്ചയ്ക്ക് പ്രധാന ഹേതു. ( Hot weather: Increasing hepatitis cases in kerala )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്.

ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛര്‍ദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമായാല്‍ മരണത്തിന് വരെ കാരണമായേക്കാം.

രോഗം പടരുന്നത് ഇങ്ങനെ

രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയുന്നതും ഇതിലൂടെ വെള്ളം എളുപ്പത്തില്‍ മലിനമാകുന്നതും വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം വര്‍ധിക്കാന്‍ കാരണമാകുന്നു. വലിയ ആഘോഷങ്ങളിലും തെരുവോര കച്ചവടങ്ങളിലും റസ്‌റ്റൊറന്റുകളിലും മറ്റും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാത്തത് രോഗ പകര്‍ച്ചയ്ക്ക് കാരണമാവും. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2 മുതല്‍ ഏഴ് ആഴ്ച്ചയ്ക്കുള്ളിലാണ് ലക്ഷണങ്ങള്‍ പ്രകടമാവുക.

ചൂട് കാലത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം.
2. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം.
3. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം.
4. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്.
5. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം.
6. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക.
7. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
8. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം.
9. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം.
10. മദ്യപാനവും പുകവലിയും ഒഴിവാക്കണം. ഇത്തരം ശീലങ്ങള്‍ കരള്‍ രോഗങ്ങള്‍ ഗുരുതരമാവാന്‍ കാരണമാവും.