01
Sep 2023
Fri
01 Sep 2023 Fri

ചരിത്രം കുറിച്ച് തമിഴ്‌നാട്; ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ഇനി സ്ത്രീകളും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചെന്നൈ: പുതിയ ചരിത്രം രചിച്ച് തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകള്‍ക്ക് നിയമനം നല്‍കി എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍. കൃഷ്ണവേണി, എസ്.രമ്യ, എന്‍. രഞ്ജിത എന്നിവരെ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയമിക്കുക. സഹപൂജാരിമാരായാണ് ഇവര്‍ ചുമതലയേല്‍ക്കുന്നത്.

ശ്രീരംഗം ശ്രീരംഗനാഥ ക്ഷേത്രത്തിലെ അര്‍ച്ചക പരിശീലനകേന്ദ്രത്തില്‍നിന്ന് 94 പേരാണ് കഴിഞ്ഞദിവസം പരിശീലനം പൂര്‍ത്തിയാക്കിയത്. അതില്‍ മൂന്നു സ്ത്രീകളാണുള്ളത്. കൂടാതെ, 22 സ്ത്രീകള്‍ പഠനം തുടരുന്നുമുണ്ട്. ഭഗവല്‍പൂജ നടത്താനുള്ള താത്പര്യംകൊണ്ടാണ് ഈ പാത തിരഞ്ഞെടുത്തതെന്ന് പഠനം പൂര്‍ത്തിയാക്കിയ എസ്. രമ്യ, എസ്. കൃഷ്ണവേണി, രഞ്ജിത എന്നിവര്‍ പറഞ്ഞു.

ഇത് പുതിയ ചരിത്രമാണെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

‘പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ദേവതകള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും അശുദ്ധരായി കണക്കാക്കപ്പെട്ട ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് അവരെ വിലക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ മാറ്റം വന്നിരിക്കുന്നു!. തമിഴ്‌നാട്ടില്‍, എല്ലാ ജാതിയിലുമുള്ള ആളുകളെ പൂജാരിമാരായി നിയമിച്ച് നമ്മുടെ മാതൃകാ സര്‍ക്കാര്‍ പെരിയാറിന്റെ ഹൃദയത്തിലെ ആ വേദനയും നീക്കിയപ്പോള്‍, സ്ത്രീകളും ഇപ്പോള്‍ സന്നിധാനങ്ങളില്‍ കാലുകുത്തുകയാണ്’ സ്റ്റാലിന്‍ കുറിച്ചു.