നാഗ്പൂർ: 36 വർഷം ഗർഭസ്ഥ ശിശുവിനെ വയറ്റിൽ വഹിച്ചയാളാണ് 60കാരനായ നാഗ്പൂർ സ്വദേശി ഭഗത്. ആദ്യമൊക്കെ ജോലി ചെയ്യാനായിരുന്നു വയർ തടസ്സമായതെങ്കിൽ പിന്നീടത് ശ്വസിക്കാൻ പോലും അനുവദിക്കാതെയാക്കി. ആശുപത്രിയിൽ ചികിൽസ തേടിയതോടെയാണ് അപൂർവ മെഡിക്കൽ അവസ്ഥയാണ് ഭഗത് നേരിട്ടിരുന്നതെന്ന് ഡോക്ടർമാർ അറിയുന്നത്. 1999ൽ നടന്ന ഈ സംഭവത്തെക്കുറിച്ച് ദ ഡെയ്ലി സ്റ്റാറാണ് ഇപ്പോൾ റിപോർട്ട് ചെയ്തത്.
|
ഗർഭസ്ഥ ശിശുവിന്റെ ഉള്ളിൽ ഭ്രൂണം വളരുന്ന അപൂർവ മെഡിക്കൽ അവസ്ഥയാണ് ഭഗത്തിനുണ്ടായിരുന്നത്. വാനിഷിങ് ട്വിൻ സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഗർഭിണി പുരുഷൻ എന്നാണ് വീർത്ത വയർ മൂലം ഭഗത് അറിയപ്പെട്ടിരുന്നത്. പൂർണഗർഭിണികളുടേത് പോലുള്ള വലിയ വയർമൂലം ജോലി ചെയ്യാനും ശ്വസിക്കാനും പോലും ഭഗത് ബുദ്ധിമുട്ടുകയായിരുന്നു.
തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹം ചികിൽസ തേടി. ഡോ. അജയ് മെഹ്തയായിരുന്നു ഭഗത്തിനെ ചികിൽസിച്ചത്. വയറിൽ ട്യൂമർ വളരുകയാണെന്നായിരുന്നായിരുന്നു ഡോക്ടർ ആദ്യം കരുതിയത്. വയർ തുറന്ന് മുഴ പുറത്തെടുത്തപ്പോഴാണ് ഗർഭസ്ഥശിശുവാണെന്ന് വ്യക്തമായത്.
ഇതു കണ്ട് ഡോക്ടർ പോലും ആദ്യം ഞെട്ടിപ്പോയി.അമ്മയുടെ വയറ്റിൽ ആയിരിക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന ഭ്രൂണമാണ് ഭഗത്തിന്റെ ഉള്ളിൽ വളർന്നതെന്ന് ഡോക്ടർമാർക്ക് മനസ്സിലായി. ലോകത്ത് തന്നെ വളരെക്കുറവ് കേസുകളാണ് ഇത്തരത്തിലുണ്ടായതെന്നാണ് നാഷനൽ ലൈബ്രറി ഓഫ് സയൻസ് വ്യക്തമാക്കുന്നത്.


