ന്യൂഡല്‍ഹി: അധികാരം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തില്‍ നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ മുന്നണി. അവസാനഘട്ട തിരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ മുന്നണി യോഗം വിളിച്ചു. ( india-alliance-called-a-meeting-on-the-day-of-the-last-round-of-elections ) മുന്നണി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ കാലാവധി പൂര്‍ത്തിയാവുന്നത് ജൂണ്‍ 2ന് ആണ്.
|
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം ഫലം പുറത്തുവരുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ മുന്നണി നേതാക്കള്‍. ഇരുമുന്നണികള്‍ക്കും ഏറെക്കുറെ തുല്യനിലയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഒടുവില്‍ വരുന്ന സൂചനകള്‍. ഈ സാഹചര്യത്തില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ മുഴുവന്‍ ഒരുമിച്ച് നില്ക്കുന്നതിനും സാധ്യമാവുന്നവരെ ഒപ്പം കൂട്ടുന്നതിനും വേണ്ടിയുള്ള തന്ത്രങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കും. ജൂണ്‍ നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.





