21
Jan 2023
Sun
21 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ഏകദിനവും വിജയിച്ച് സമ്പൂർണ പരമ്പര നേട്ടമാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്.

പരമ്പര നേടിയ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം നൽകി, അർഷ്ദീപ് സിങ്ങിന് അവസരം നൽകിയേക്കും. ബാറ്റിങ്ങിൽ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർക്ക് പകരം ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർക്കും അവസരം നൽകിയേക്കും.

അക്‌സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറിനും അവസരം നൽകുന്നത് മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യവട്ടത്ത് നടന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവാണ് തിളങ്ങിയത്. അതുകൊണ്ടു തന്നെ സ്‌കൈ ഇന്നും കാര്യവട്ടത്ത് ബാറ്റിങ്ങ് വെടിക്കെട്ടൊരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ ശ്രീലങ്ക ആശ്വാസ വിജയമാണ് ലക്ഷ്യമിടുന്നത്. വലിയ താരങ്ങൾ ഇല്ലെന്നതാണ് ലങ്കയുടെ ശക്തിയും ദൗർബല്യവും. ഗ്രീൻഫീൽഡിലെ പിച്ച് ബൗളർമാരോട് ചായ്‌വ് കാണിക്കുന്നതാണെന്ന് സൂചനയുണ്ട്. അതിനാൽ ടോസ് നിർണായകമായേക്കും. രാവിലെ 11 മണി മുതൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും.

India vs Sri Lanka 3rd ODI 2023