30
Mar 2023
Tue
30 Mar 2023 Tue

ദുബയ്: യുണീക് വേൾഡ് റോബോട്ടിക്‌സിൽ നിന്നുള്ള ടീം യുഡബ്ല്യുആർ സ്റ്റാർലിങ്ക് ‘ഫസ്റ്റ് ലെഗോ ലീഗ് (എഫ്എൽഎൽ) യുഎഇ നാഷണൽസ് 2023’ ജേതാക്കളായി. മൂന്നു മേഖലകളിലായി പങ്കെടുത്ത 200ലധികം ടീമുകളിൽ നിന്നും പ്രശസ്തമായ ചാംപ്യൻസ് അവാർഡ് ഉൾപ്പെടെ യു.ഡബ്‌ള്യു.ആർ 7 പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.തുടർച്ചയായി രണ്ടാം തവണയാണ് മേഖലയിലെ അജയ്യ ശക്തിയായി യു.ഡബ്‌ള്യു.ആർ സ്റ്റാർലിങ്ക് ചാംപ്യൻസ് അവാർഡ് സ്വന്തമാക്കുന്നത്. ഈ വർഷം ഏപ്രിലിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ 110ലധികം രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ഫസ്റ്റ് (ഫോർ ഇൻഫർമേഷൻ ആന്റ് റെകഗ്‌നിഷൻ ഓഫ് സയൻസ് ആന്റ് ടെക്‌നോളജി)ചാംപ്യൻഷിപ്പിൽ യുഎഇയെ ഔദ്യോഗികമായി പ്രതിനിധീകരിച്ച് യു.ഡബ്‌ള്യു.ആർ സ്റ്റാർലിങ്ക് ആണ് പങ്കെടുക്കുക. നാസ, അമേരിക്കൻ പ്രതിരോധ വകുപ്പ്, ഗൂഗ്ൾ, ആപ്പ്ൾ, ബോയിംഗ്, ഫോർഡ്, ബിഎഇ സിസ്റ്റംസ്, വാൾട്ട് ഡിസ്‌നി എൻജിനീയറിംഗ്, റോക്ക്‌വെൽ ഓട്ടോമേഷൻ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളാണ് ഈ രാജ്യാന്തര പ്രോഗ്രാം സ്‌പോൺസർ ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ യു.ഡബ്‌ള്യു.ആർ സ്റ്റാർലിങ്ക് എൻജിനീയറിംഗ് എക്‌സലൻസ് അവാർഡ് നേടി ലോകത്തിലെ ഏറ്റവും മികച്ച റോബോട്ടിക് ടീമുകളിലൊന്നായി സ്ഥാനമുറപ്പിച്ചിരുന്നു. ഈ വർഷത്തെ തീം ‘സൂപർ പവേഡ്’ എന്നാണ്. ‘എഫ്എൽഎൽ യുഎഇ നാഷണൽസ് ചാംപ്യൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും നേടാനായതിൽ ഞങ്ങൾ ആവേശത്തിലാണ്. ഞങ്ങളുടെ ടീം കഴിഞ്ഞ കുറെ മാസങ്ങളായി വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ യുഎഇയെ പ്രതിനിധീകരിക്കാനാകുന്നതിൽ ഞങ്ങൾ ആഹ്‌ളാദ ഭരിതരാണ്. ഞങ്ങളുടെ ഇന്നൊവേറ്റീവ് സൊല്യൂഷനുകൾ പ്രദർശിപ്പിക്കാനും ലോകമെമ്പാടുമുള്ള ടീമുകൾക്കെതിരെ മത്സരിക്കാനും ഞങ്ങൾ കാത്തിരിക്കുകയാണ്” -യുണീക് വേൾഡ് റോബോട്ടിക്‌സ് സിഇഒ ബൻസൻ തോമസ് ജോർജ് പറഞ്ഞു.

പ്രണവ് നക്കീരൻ (ഗ്രേഡ് 10, ഡിപിഎസ് ഷാർജ), നൈസ ഗൗർ (ഗ്രേഡ് 11/ഇയർ 12, ജെഇഎസ്എസ് അറേബ്യൻ റാഞ്ചസ്, ദുബയ്), നമൻ ഛുഗാനി (ഗ്രേഡ് 8, ഡിപിഎസ് ദുബയ്), മുഹമ്മദ് മിഫ്‌സൽ മഅ്‌റൂഫ് (ഗ്രേഡ് 10, ജെംസ് ന്യൂ മില്ലേനിയം സ്‌കൂൾ, അൽഖൈൽ, ദുബായ്), അർണവ് ഭാർഗവ (ഗ്രേഡ് 7, ജെംസ് മോഡേൺ അക്കാദമി), അർജുൻ പ്രതീഷ് (ഇയർ 10, റാഫ്ൾസ് ഇന്റർനാഷൽ അക്കാദമി, ദുബായ്), വൻശ് ഷാ (ഗ്രേഡ് 9, ഇന്ത്യൻ ഹൈസ്‌കൂൾ, ദുബായ്) എന്നിവരാണ് യു.ഡബ്‌ള്യു.ആർ സ്റ്റാർലിങ്ക് ടീമിലെ വിദ്യാർഥികൾ. മെന്റർ ബൻസൺ തോമസ് ജോർജ്, കോച്ചുമാരായ മുഹമ്മദ് മുഖ്താർ, അഹിലൻ സുന്ദരരാജ്, അഹ്മദ് ഷമീം, അലി ശൈഖ് എന്നിവരാണ് ഇവർക്ക് പഠന പരിശീലനം നൽകിയത്.