ഹൈദരാബാദ്: മിണ്ടാതിരിക്കുക എന്നത് പ്രതിയുടെ മൗലികാവകാശങ്ങളില്‍ പെട്ടതാണെന്ന് തെലങ്കാന ഹൈക്കോടതി. രണ്ടാംവട്ട കസ്റ്റഡി തേടി എന്‍ഐഎ സമര്‍പ്പിച്ച ഹരജിക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ നല്‍കിയ അപ്പീലിലാണ് വിധി. ( Individual’s right to remain silent fundamental, says Telangana high court )
|
ആദ്യവട്ട ചോദ്യം ചെയ്യലില്‍ പ്രതി തൃപ്തികരമായ ഉത്തരം നല്‍കിയില്ലെന്നും നിശ്ശബ്ദത പാലിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയത്. അന്വേഷണത്തിനിടെ നിശ്ശബ്ദത പാലിക്കുക എന്നത് ഭരണഘടനയുടെ 20(3) അനുഛേദ പ്രകാരം വ്യക്തിയുടെ മൗലികാവകാശമാണെന്നു കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
തന്റെ കസ്റ്റഡി 5 ദിവസം കൂടിയ നീട്ടിയ എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിനെതിരേ നന്ദ്യാല്‍ സ്വദേശി നൊസ്സാം മുഹമ്മദ് യൂനുസ് നല്‍കിയ അപ്പീലിലിലാണ് ജസ്റ്റിസ് കെ ലക്ഷ്ണമണ്‍, ജസ്റ്റി കെ സുജന എന്നിവരുടെ വിധി.
പോപുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ച് 2023 ജൂണ്‍ 13ന് ആണ് എന്‍ഐഎ നൊസ്സാമിനെ അറസ്റ്റ് ചെയ്തത്. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ജൂണ്‍ 14ന് നൊസ്സാമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 4ന് ആണ് പ്രതിയെ 5 ദിവസത്തെ പോലീസ് കസ്റ്റിഡിയില്‍ വിട്ടു നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടി 2023 സപ്തംബര്‍ 1ന് അഞ്ച് ദിവസത്തെ കൂടി കസ്റ്റഡി വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അറസ്റ്റ് ചെയ്ത് 30 ദിവസം കഴിഞ്ഞതിനാല്‍ കസ്റ്റഡി ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നൊസ്സാം ഇതിനെ എതിര്‍ക്കുകയായിരുന്നു.
പ്രതിയുടെ വാദം തള്ളിയ വിചാരണ കോടതി എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ സ്വീകരിച്ചു. ഇതിനെതിരേയാണ് നൊസ്സാം ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും കസ്റ്റഡിയിലെടുക്കുന്നതിനും വൈകിയതിനുമുള്ള കാരണം വ്യക്തമാക്കി 30 ദിവസത്തിനു ശേഷവും അപേക്ഷ നല്‍കാമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇതിന് എന്‍ഐ ചൂണ്ടിക്കാട്ടിയ കാരണം മതിയായതല്ല. അന്വേഷണത്തിനിടെ നിശ്ശബ്ദത പാലിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്. പ്രതിക്കെതിരേ പുതിയ തെളിവുകളെന്തെങ്കിലും ഹാജരാക്കാതെ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





