ബെംഗളൂരു: 2022-ല്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറെ നാളായി തിരയുകയായിരുന്ന മുഖ്യപ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ഏകദേശം നാല് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഉമര്‍ ഫാറൂഖ് എം.ആര്‍. ആണ് കേരളത്തിലെ കൊച്ചിയില്‍ എന്‍.ഐ.എ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്.
|
പ്രതിയെ ഏറെ നാളായി എന്‍.ഐ.എയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 4 ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ പ്രവീണ്‍ നെട്ടാരു വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി.
എന്‍.ഐ.എയുടെ അന്വേഷണപ്രകാരം, കൊലപാതകത്തിന് മുമ്പ് നടന്ന ഗൂഢാലോചന യോഗങ്ങളില്‍ ഉമര്‍ ഫാറൂഖ് പങ്കെടുത്തിരുന്നു. ആക്രമണം നടത്തിയ സംഘത്തിന് ആവശ്യമായ ലോജിസ്റ്റിക് സഹായങ്ങള്‍, പ്രത്യേകിച്ച് കൊലപാതകത്തില്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിള്‍ ഒരുക്കിക്കൊടുത്തത് ഇയാളാണെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.
കൊലപാതകത്തിന് ശേഷം മുഖ്യപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും ഉമര്‍ ഫാറൂഖാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇതുകൂടാതെ, കേസിലെ ഒരു നിര്‍ണായക സാക്ഷിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.
പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രധാന വഴിത്തിരിവായാണ് ഉമര്‍ ഫാറൂഖിന്റെ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് എന്‍.ഐ.എ അറിയിച്ചു.
അറസ്റ്റിലായ ഉമര്‍ ഫാറൂഖ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യിലെ അംഗങ്ങളുടെ സഹായത്തോടെയാണ് ഇത്രയും കാലം കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം.
കേസില്‍ അടുത്തിടെ അറസ്റ്റിലായ നൗഷാദ്, നസീര്‍ എന്നീ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഉമര്‍ ഫാറൂഖിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് എന്‍.ഐ.എ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ഇയാളെ പിടികൂടിയത്.
2022 ജൂലൈയില്‍ നടന്ന കൊലപാതകം
ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ സ്വദേശിയും ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനുമായ പ്രവീണ്‍ നെട്ടാരു 2022 ജൂലൈ 26-നാണ് കൊല്ലപ്പെട്ടത്. കോഴി ഫാം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം കര്‍ണാടകയിലാകെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു.
2022 ജൂലൈ 19 ന് കാസര്‍ക്കോട് മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശി ബി. മസൂദ്(18) ദക്ഷിണ കന്നടയില്‍ സുള്ള്യ താലൂക്കിലെ കലഞ്ച ഗ്രാമത്തില്‍ അക്രമത്തിനിരയായിരുന്നു.സുള്ള്യയില്‍ മാതാവിന്റെ ബന്ധുവീട്ടില്‍ താമസിച്ച് ദിവസക്കൂലി തൊഴിലാളിയായജീവിക്കുകയായിരുന്നു മസൂദ്. എട്ട് പേര്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് ജൂലൈ 21ന് മരിച്ചു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു പ്രവീണ്‍ വധം.
പി.എഫ്.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഗൂഢാലോചനയെന്ന് എന്‍.ഐ.എ
പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടത്താന്‍ നിരോധിത സംഘടനയായ പി.എഫ്.ഐയുടെ നേതാക്കളും പ്രവര്‍ത്തകരും ഗൂഢാലോചന നടത്തിയെന്നാണ് എന്‍.ഐ.എയുടെ ആരോപണം. സമൂഹത്തില്‍ ഭീതിയും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
കേസില്‍ ഇനിയും ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എന്‍.ഐ.എ അറിയിച്ചു.
Tags:
Praveen Nettaru, Praveen Nettaru Murder Case, Umar Farooq, NIA, National Investigation Agency, Kochi Arrest, BJP Yuva Morcha, Karnataka News, PFI, Popular Front of India, Red Corner Notice, BJP Worker Murder, Dakshina Kannada, Bellare, Kerala News, Crime News, NIA Investigation
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



