11
Apr 2026
Sat
11 Apr 2026 Sat
LDF FALL

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും 74 മുതല്‍ 78 വരെ സീറ്റുകള്‍ നേടി 10 വര്‍ഷത്തിന് ശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെയും റിപോര്‍ട്ടുകള്‍ ഭരണമാറ്റമുണ്ടാവുമെന്ന കാര്യം ശരിവയ്ക്കുന്നു. സിപിഎമ്മിന് ബൂത്ത് തലങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപോര്‍ട്ടുകളും വലിയ തോതില്‍ സീറ്റുകള്‍ നഷ്ടമാവുമെന്ന് സൂചിപ്പിക്കുന്നുണ്ട്. ബിജെപി കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നും റിപോര്‍ട്ടിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചത് പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കിടയില്‍ പോലും എതിര്‍പ്പുണ്ടാക്കിയതായാണ് വിലയിരുത്തല്‍. മലബാറില്‍ മുസ്ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്നാണ് റിപോര്‍ട്ട്. ലീഗിന് 20 മുതല്‍ 23 വരെ സീറ്റുകള്‍ കിട്ടിയേക്കാം. ഇനിയും ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലില്‍ തികഞ്ഞ കേഡര്‍ സ്വഭാവത്തോടെ കൈമെയ് മറന്ന് നടത്തിയ പ്രവര്‍ത്തനം ലീഗിന് വലിയ മുന്നേറ്റമുണ്ടാക്കും.

ക്രിസ്ത്യന്‍ വോട്ടുകളുടെ സ്വാധീനം

അതേസമയം, മുസ്ലിം വോട്ടുകളുടെ കണ്‍സോളിഡേഷനേക്കാള്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമാണ് യുഡിഎഫിന് അനുകൂലമായ മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളില്‍ ബിജെപിയിലേക്ക് ചാഞ്ഞിരുന്ന ഒരു വിഭാഗം ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ പൂര്‍ണമായും യുഡിഎഫിലേക്ക് മറിഞ്ഞു. എഫ്‌സിആര്‍എ ബില്ല് കൊണ്ടു വരാനുള്ള നീക്കമുള്‍പ്പെടെ ഇതിന് കാരണമായിട്ടുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തങ്ങളെ പൂര്‍ണമായും കൈവിട്ടുവെന്ന ബോധ്യമാണ് ഷോണ്‍ ജോര്‍ജിന്റെയും പിസി ജോര്‍ജിന്റെയും കടുത്ത പ്രതികരണങ്ങളില്‍ കാണുന്നത്.

യുഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രൂപതകള്‍ നടത്തിയ ഇടപെടലും എല്‍ഡിഎഫിന് വിനയായിട്ടുണ്ട്. യുഡിഎഫ് ഭരണത്തില്‍ മുസ്ലിം ലീഗിന് ലഭിക്കാനിടയുള്ള അപ്രമാദിത്വവും ക്രിസ്ത്യന്‍ സഭകളുടെ നിലപാടിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഭരണപക്ഷത്ത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് പരമാവധി എംഎല്‍എമാരെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം സഭകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ടുകളില്‍ പറയുന്നത്. ഇതില്‍ മലപ്പുറത്ത് ലീഗിന്റെ കാടിളക്കിയുള്ള പ്രചാരണവും എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സഭകളുടെ സ്വാധീനവും നിര്‍ണായകമായി.

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ യുഡിഎഫ് ഇറക്കിവിട്ട ഡീല്‍ ഉള്‍പ്പെടെയുള്ള കെണികളില്‍ എല്‍ഡിഎഫ് വീണത് മുന്നണിക്ക് വിനയായിട്ടുണ്ട്. പ്രാദേശിക പ്രശ്‌നങ്ങളും ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങളും തിരിച്ചടിയായി.

കുതിരക്കച്ചവട സാധ്യതകള്‍

അപ്രതീക്ഷിതമായ അനുകൂല ഘടകങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ചെറിയ സീറ്റുകളുടെ വ്യത്യാസത്തില്‍ ഭരണം നഷ്ടപ്പെടാനിടയുണ്ടെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസം മാത്രമാണെങ്കില്‍ ചില എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണം നിലനിര്‍ത്താനാവുമോ എന്ന ചര്‍ച്ചകളും സിപിഎമ്മിനകത്ത് തുടങ്ങിയതായാണ് വിവരം.