തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ. നേമത്ത് പതിനായിരത്തിലേറെ വോട്ട് പാര്‍ട്ടിക്കുണ്ടെന്നും സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും പിന്തുണ തേടിയിരുന്നുവെന്നും എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍ കുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐയും ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ശിവന്‍ കുട്ടിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
|
നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്. എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.
പരസ്പരം ഒത്തുകളി ആരോപിച്ച് മുന്നണികള്‍
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന നേമത്ത് അവസാന നിമിഷവും മുന്നണികള്‍ ഒത്തുകളി ആരോപിച്ചിരുന്നു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് കൂട്ടുകെട്ടുണ്ടെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ പറയുന്നത്. സഖ്യം സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ ആക്ഷേപം. എന്നാല്‍, ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വോട്ട് മറിച്ചതായി വി ശിവന്‍ കുട്ടി തിരഞ്ഞെടുപ്പിന് പിന്നാലെ തെളിവുകള്‍ നിരത്തി. ഉച്ചയ്ക്ക് ശേഷം ബൂത്തുകളില്‍ കോണ്‍ഗ്രസ് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുല്‍ ഗാന്ധികൂടി അവസാന നിമിഷം വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂര്‍ നേടിയ 46,472 അടിസ്ഥാന വോട്ട് കണക്കാക്കി അതിന് മുകളിലേക്കാണ് യുഡിഎഫിന്റെ മുഴുവന്‍ പ്രതീക്ഷകളും.


