ഇറാന് ആണവ കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിനുള്ള ആദ്യ തിരിച്ചടി ബഹ്റൈനിലേക്കെന്ന് സൂചന. (Iran attack threat: Bahrain closes schools; 70 percent of employees must work from home) സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സ്കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റാനും ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും വീട്ടില്‍ തുടരാനും ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവിട്ടു.
|
70 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് സിവില്‍ സര്‍വീസ് ബ്യോറോ അറിയിച്ചു. ജോലിക്കാര്‍ നേരിട്ട് ഹാജരാകേണ്ടതുള്ളതും അടിയന്തര വിഭാഗത്തില്‍പ്പെട്ടതുമായ ഓഫിസുകളെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തന സജ്ജമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. കിന്റര്ഗാര്ട്ടന്, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കെല്ലാം നിര്‍ദേശം ബാധകമാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും സഹായം ആവശ്യമുള്ള സ്ഥാപനങ്ങള്‍ മന്ത്രാലയവുമായി ബന്ധപ്പെടണം.
പൗരന്മാരും പ്രവാസികളും അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ പ്രധാന റോഡുകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ അധികൃതര്‍ക്ക് തടസ്സമില്ലാതെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വേണ്ടിയാണ് ഈ നിര്‍ദേശം.
അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി ബഹ്റയ്നിലുള്ള യുഎസ് നാവിക സേനയെ ആക്രമിക്കണമെന്ന് ഇറാനില്‍ നിന്ന് ആഹ്വാനമുയര്‍ന്നിരുന്നു. ഇറാനിലെ പ്രമുഖ പത്രമായ കൈഹാന്റെ എഡിറ്ററും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അടുത്തയാളുമായ ഹുസൈന് ശരീഅത്ത് മദാരിയാണ് ഈ ആവശ്യമുന്നയിച്ചത്.
”ഇനി നമ്മുടെ ഊഴമാണ്. ആദ്യ പടി എന്ന നിലയില്‍ ബഹ്റൈനിലുള്ള യുഎസ് നാവിക സേനാ വ്യൂഹത്തിനെതിരേ മിസൈല്‍ ആക്രമണം നടത്തണം. സമാന്തരമായി ഹോര്‍മുസ് ഇടനാഴി വഴി അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ പോകുന്നത് തടയണം”- ശരീഅത് മദാരി പറഞ്ഞു.
ഇറാനെ ആക്രമിച്ചതിന് അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഖാംനഇ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.





