|
ഡൽഹി: JNU മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ ഡൽഹിയിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി. ഇന്നലെ പാർട്ടി പുറത്തുവിട്ട പട്ടികയിൽ കനയ്യയുടെ പേരും ഉൾപ്പെട്ടു.
ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 10 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ്. ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ മത്സരിക്കും. പഞ്ചാബ് മുൻ മുഖ്യമന്ത്രി ഛരൺജിത് സിങ് ഛന്നി ജലന്ധറിൽനിന്ന് ജനവിധി തേടും. അതേസമയം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ മണ്ഡലമായിരുന്ന റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ഇക്കുറിയും പട്ടികയിലില്ല.
മുതിർന്ന നേതാവ് ജയപ്രകാശ് അഗർവാൾ ചാന്ദ്നി ചൗക്കിൽ മത്സരിക്കും. 1984, 1989, 1996 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയപ്രകാശ് അഗർവാൾ ചാന്ദ്നി ചൗക്കിൽനിന്ന് വിജയിച്ചിട്ടുണ്ട്. സംവരണ മണ്ഡലമായ ഡൽഹി നോർത്ത് വെസ്റ്റിൽ ഉദിത് രാജ് ആണ് മത്സരത്തിനിറങ്ങുക. 2014ൽ ഉദിത് രാജ് ഇതേ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചിരുന്നു.
ബിജെപി നേതാവും സിറ്റിങ് എംപിയുമായ മനോജ് തിവാരിക്കെതിരെയാണ് യവനേതാവ് കനയ്യ കുമാറിൻ്റെ മത്സരം. സിപിഐ നേതാവിയിരിക്കെ 2019ൽ ബിഹാറിലെ ബെഗുസാരായിയിൽ നിന്നായിരുന്നു കനയ്യ കുമാർ ജനവിധി തേടിയിരുന്നത്. അന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു. ഡൽഹി ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡൻ്റായ കനയ്യ കുമാർ 2021ലാണ് സിപിഐ വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിലവിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണ്. 2019ൽ കോൺഗ്രസിനായി മത്സരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയാണ് മനോജ് തിവാരി പരാജയപ്പെടുത്തിയത്.
Kanhaiya Kumar to contest against Manoj Tiwari in North East Delhi





