15
May 2023
Fri
15 May 2023 Fri

അബൂദബി: വിമാനക്കൂലിയില്‍ ലാഭം കണ്ടെത്താന്‍ അബൂദബിയില്‍ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കും പോയതാണ് പ്രദീപ് കുമാര്‍. അവധി കഴിഞ്ഞ് ചെന്നൈ വഴിയാണ് അബൂദബിയിലേക്ക് പോയത്. ചെന്നൈ വിമാനത്താവളത്തിലിരിക്കുമ്പോഴാണ് പ്രദീപിന് അബൂദബി ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍വിളി വരുന്നത്. 33.38 കോടി രൂപ(15 ദശലക്ഷം ദിര്‍ഹം)സമ്മാനമടിച്ചുവെന്നായിരുന്നു സന്ദേശം. അബൂദബിയിലെത്തിയ പാടെ ജോലിക്കു കയറി. ആഘോഷം പിന്നീടാവാം ആദ്യം ജോലിയെന്നും പ്രദീപ് കുമാര്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1986 മുതല്‍ യുഎഇയില്‍ പ്രവാസജീവിതം നയിക്കുന്ന പ്രദീപ് കുമാര്‍ ഓഫ്‌ഷോര്‍ കമ്പനിയിലെ കണ്‍ട്രോള്‍ റൂം ഓപറേറ്ററായാണ് ഇപ്പോള്‍ ജോലി നോക്കുന്നത്. 10 വര്‍ഷമായി ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ ബാല്യ കാല സുഹൃത്തുക്കളായ റോബിന്‍സണും ഡോ. ഹനീഫയും പ്രദീപ് കുമാറും ചേര്‍ന്നാണ് അബൂദബി ബിഗ് ടിക്കറ്റ് എടുത്തത്.

സമ്മാനത്തുക മൂവരും വീതിച്ചെടുക്കും. സമ്മാനത്തുക കൊണ്ട് തിരുവനന്തപുരത്ത് ഫാം തുടങ്ങുകയെന്ന ലക്ഷ്യം പ്രദീപിനുണ്ട്. ഭാര്യയും രണ്ടുമക്കളുമാണ് പ്രദീപിനുള്ളത്. മകന്‍ വിവാഹിതനാണ്. മകള്‍ക്ക് വിവാഹം നോക്കുകയാണെന്ന് അദ്ദേഹം പറയുന്നു.