14
Feb 2025
Sun
14 Feb 2025 Sun
Kerala professional student

കേരളത്തിലെ പ്രൊഫഷനല്‍ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് പുറമേ ചില അടിസ്ഥാന യോഗ്യതകള്‍ കൂടി വേണം. അവ ഏതൊക്കെയാണെന്നറിയാം. (Kerala medical course admission 2025 )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ മെഡിക്കല്‍ കോഴ്‌സുകളിലെ (ആറെണ്ണം) പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീവിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കുനേടി, ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഈ നാലുവിഷയങ്ങള്‍ ഓരോന്നും പ്രത്യേകം ജയിച്ച്, ഹയര്‍സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് പൊതുവായ വ്യവസ്ഥ. കൂടാതെ, കോഴ്‌സിനനുസരിച്ച് ചില അധികവ്യവസ്ഥകള്‍ ഉണ്ടാകാം.

• എം.ബി.ബി.എസ്., ബി.ഡി.എസ്., പ്രവേശനത്തിന് ബയോളജിക്കുപകരം ബയോടെക്‌നോളജി ആകാം

• ബി.എസ്.എം.എസ്. പ്രവേശനത്തിന് 10/12 ക്ലാസില്‍ തമിഴ് ഒരുവിഷയമായി പഠിച്ച് ജയിച്ചിരിക്കണം. ഇല്ലെങ്കില്‍ ബി.എസ്.എം.എസ്. പ്രവേശനംനേടിയശേഷം ആദ്യവര്‍ഷം തമിഴ് ലാംഗ്വേജ് കോഴ്‌സ് പഠിക്കണം

• ബി.യു.എം.എസ്. പ്രവേശനം തേടുന്നവര്‍ 10-ല്‍/12ല്‍, ഉറുദു/അറബിക്/പേര്‍ഷ്യന്‍ വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. അല്ലെങ്കില്‍ അറബിക്, മാന്‍ടിക് വാ ഫല്‍സഫ (ലോജിക് ആന്‍ഡ് ഫിലോസഫി) എന്നിവയ്‌ക്കൊപ്പം ഉറുദു ഒരുവിഷയമായി ഫസ്റ്റ് പ്രൊഫഷണല്‍ ബി.യു.എം.എസ്. സെഷനില്‍ പഠിക്കണം

• മെഡിക്കല്‍ അലൈഡ് കോഴ്‌സുകളിലെ (ഏഴെണ്ണം) പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് അവയ്ക്ക് മൊത്തം 50 ശതമാനം മാര്‍ക്ക് നേടി, ഹയര്‍സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് പൊതുവായ വ്യവസ്ഥ. കൂടാതെ കോഴ്‌സിനനുസരിച്ച് ചില അധികവ്യവസ്ഥകള്‍ ഉണ്ടാകാം

• ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്. പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ നാലുവിഷയങ്ങള്‍ക്കുംകൂടി, 50 ശതമാനം മാര്‍ക്ക് വേണം

• ബി.എസ്സി. (ഓണേഴ്‌സ്) ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ് പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി തലത്തില്‍ മാത്തമാറ്റിക്‌സ് ഒരുവിഷയമായി പഠിച്ചിരിക്കണം

• ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചശേഷം, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി എന്നിവയിലൊന്ന് മുഖ്യവിഷയമായും, ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങള്‍ ഉപവിഷയമായും പഠിച്ച്, മുഖ്യവിഷയത്തിനും ഉപവിഷയങ്ങള്‍ക്കുംകൂടി മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി, ത്രിവത്സര ബി.എസ്സി. ബിരുദമെടുത്തവര്‍ക്ക്, എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്.എം.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., കോഴ്‌സുകളിലെ പ്രവേശനത്തിന് അര്‍ഹതയുണ്ട്. അപേക്ഷിക്കുന്നസമയത്ത് ഇവര്‍ക്ക് യോഗ്യതയുണ്ടായിരിക്കണം. ബി.എസ്.എം.എസിന് നേരത്തേ സൂചിപ്പിച്ച തമിഴ്ഭാഷാ വ്യവസ്ഥ ഇവര്‍ക്കും ബാധകമാണ്

• എന്‍ജിനിയറിങ്: മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവരണ്ടും നിര്‍ബന്ധമായും പഠിച്ച്, കെമിസ്ട്രി ഒരു ഓപ്ഷണല്‍ വിഷയമായും പഠിച്ച്, മൂന്നിനുംകൂടി മൊത്തം 45 ശതമാനം മാര്‍ക്കുവാങ്ങി ഹയര്‍സെക്കന്‍ഡറി/തത്തുല്യ കോഴ്സ് ജയിച്ചിരിക്കണം

പ്ലസ്ടു തലത്തില്‍ കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും ഇവരണ്ടും പഠിച്ചിട്ടില്ലെങ്കില്‍, ബയോടെക്‌നോളജിയും ഇവമൂന്നും പഠിച്ചിട്ടില്ലെങ്കില്‍, ബയോളജിയും മൂന്നാംവിഷയമായി പരിഗണിക്കും

• ആര്‍ക്കിടെക്ചര്‍: ബി.ആര്‍ക്ക്. പ്രവേശനത്തിന് 10+2/തത്തുല്യപരീക്ഷ, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീവിഷയങ്ങള്‍ നിര്‍ബന്ധമായും കെമിസ്ട്രി, ബയോളജി, ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയം, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്, എന്‍ജിനിയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നിവയിലൊന്നും പഠിച്ച്, മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചിരിക്കണം. മാത്തമാറ്റിക്‌സ് നിര്‍ബന്ധവിഷയമായി പഠിച്ച്, 10+3 ഡിപ്ലോമ പരീക്ഷ, മൊത്തത്തില്‍ 45 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്കും അപേക്ഷിക്കാം

• ബി.ഫാം.: ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി പഠിച്ച്, ഓരോന്നും ജയിച്ച്, ഹയര്‍സെക്കന്‍ഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം

മാര്‍ക്കിളവുകള്‍

• എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്, പട്ടിക/എസ്.ഇ.ബി.സി. വിഭാഗക്കാര്‍ക്കും പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ തയ്യാറാക്കുന്ന ഭിന്നശേഷി വിഭാഗ ലിസ്റ്റില്‍ (പി.ഡി. കാറ്റഗറി) ഉള്ളവര്‍ക്കും പ്ലസ്ടുവിന്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ മൂന്നുവിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് മതി.

ഈ വിഭാഗക്കാര്‍ക്ക്, ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നുവിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്ക് മതി

• ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. പ്രവേശനത്തിന് പട്ടിക/എസ്.ഇ.ബി.സി./പി.ഡി. പട്ടികയിലുള്ളവര്‍ എന്നിവര്‍ക്ക്, ബാധകമായ നാലുവിഷയങ്ങള്‍ക്ക് മൊത്തം 47.5 ശതമാനം മാര്‍ക്കുമതി

• മറ്റ് ആറ് മെഡിക്കല്‍ അലൈഡ് കോഴ്‌സുകള്‍ക്ക് എസ്.ഇ.ബി.സി./ഭിന്നശേഷി (പി.ഡി.) വിഭാഗക്കാര്‍ക്ക് യോഗ്യതാമാര്‍ക്കില്‍ അഞ്ചുശതമാനം ഇളവുണ്ട്. പട്ടികവിഭാഗക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് മതി

• എന്‍ജിനിയറിങ്: പട്ടിക/എസ്.ഇ.ബി.സി./ഭിന്നശേഷി (പി.ഡി.) വിഭാഗക്കാര്‍ക്ക് ബാധകമായ മൂന്നുവിഷയങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി

• പ്ലസ്ടുതല യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അതിന്റെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനവേളയില്‍ യോഗ്യതതെളിയിക്കണം

പ്രായം

2025 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ബി.ഫാം., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സ് പ്രവേശനത്തിന് പ്രായപരിധി നീറ്റ് യു.ജി. 2025 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ വ്യവസ്ഥകള്‍പ്രകാരമായിരിക്കും. മറ്റ് മെഡിക്കല്‍ അലൈഡ് കോഴ്‌സുകളുടെ കാര്യത്തില്‍ അതത് കേന്ദ്രകൗണ്‍സിലുകള്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്നപ്രായപരിധി ബാധകമായിരിക്കും.