2026-ലെ മിസ് യൂനിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി 19-കാരിയായ കാസിയ ലിസ് മേജോ. രാജസ്ഥാനിലെ ജയ്പൂരിലുള്ള സീ സ്റ്റുഡിയോസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കാസിയ രാജ്യത്തിന്റെ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഈ മലയാളി സുന്ദരി ചരിത്രവിജയം കുറിച്ചത്. മുൻവർഷത്തെ വിജയി മനിക വിശ്വകർമയാണ് കാസിയയെ കിരീടം അണിയിച്ചത്.
|
വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂനിവേഴ്സ് വേൾഡ് പേജന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കാസിയ ലിസ് മേജോ വേദിയിലെത്തും. “ഈ കിരീടം എന്റെ കേരളത്തിനായി സമർപ്പിക്കുന്നു”. കിരീടനേട്ടത്തിന് ശേഷം കാസിയ വികാരഭരിതയായി പ്രതികരിച്ചു:
“ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കഠിനാധ്വാനം ചെയ്ത നിമിഷമാണിത്. ഈ കിരീടം എന്റെ സ്വന്തം കേരളത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചതിലും, എന്റെ ജന്മനാടിനെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനും അത് യൂനിവേഴ്സിലേക്ക് എത്തിക്കാനും കഴിയുന്നതിൽ ഞാൻ അളവറ്റ സന്തോഷവതിയാണ്.”
ചെറുപ്രായത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ചോദിച്ചപ്പോൾ, ഏറ്റവും വലിയ പോരാട്ടം സ്വന്തം ഉള്ളിൽ തന്നെയുള്ള വിശ്വാസം വളർത്തിയെടുക്കൽ ആയിരുന്നുവെന്ന് കാസിയ പറഞ്ഞു. വെറും 19-ാം വയസ്സിൽ മിസ് യൂനിവേഴ്സ് ഇന്ത്യ പോലുള്ള വലിയൊരു വേദിയിൽ എത്താൻ വലിയ ധൈര്യം ആവശ്യമായിരുന്നുവെന്നും അത് മറികടക്കാൻ കഴിഞ്ഞതാണ് നേട്ടത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് ലോക സൗന്ദര്യകിരീടം എത്തിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും കാസിയ വ്യക്തമാക്കി.
പ്രശസ്ത ബോളിവുഡ് താരവും ഇന്ത്യയുടെ ആദ്യ മിസ് യൂനിവേഴ്സുമായ സുഷ്മിത സെൻ, മുൻ മിസ് യൂനിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേല, റിയ സിൻഹ, പ്രഗ്യ കപൂർ, സെലീന ജെയ്റ്റ്ലി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.
മത്സരത്തിൽ വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായും (മിസ് ഇന്റർനാഷണൽ ഇന്ത്യ 2026), അനുശ്രീ ശതാവലേക്കർ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. തേജസ്വിനി ശ്രീവാസ്തവ, അനുഭ വസിഷ്ഠ് ചൗധരി എന്നിവർ യഥാക്രമം മൂന്നും നാലും റണ്ണറപ്പുകളായി.
ALSO READ: 11 വർഷത്തെ ദാമ്പത്യത്തിന് വിരാമം; ജീവയും അപർണയും വേർപിരിഞ്ഞു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക


