15
May 2024
Wed
15 May 2024 Wed

SSLC പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന സൈറ്റുകളും ആപ്പുകളും ഇവയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: 202324 വര്‍ഷത്തെ SSLC, THSLC, AHLC ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

ഇത്തവണ 4,27,105 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 7977 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 99.7% ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

ഫലം വേഗത്തില്‍ പിആര്‍ഡി ലൈവ് ആപ്പിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഫലങ്ങളറിയാന്‍ സഫലം 2024 മൊബൈല്‍ ആപ്പും

എസ്എസ്എല്‍സി / ഹയര്‍ സെക്കന്‍ഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. എസ്എസ്എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Kerala SSLC 10th Result 2024 Live Updates