Kerala Story 2 കേരളത്തെ തീവ്രവാദത്തിന്റെ വിളനിലമായി ചിത്രീകരിച്ച് രാജ്യവ്യാപകമായി വിവാദമുയര്‍ത്തിയ ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രതിഷേധം ശക്തമാകുന്നു. തമാശയായും മീമുകളായും ഗൗരവകരമായ ചര്‍ച്ചകളായും സിനിമയ്ക്കെതിരെയുള്ള വിയോജിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 2023-ലെ ദേശീയ പുരസ്‌കാരം നേടിയ ആദ്യ ഭാഗം കേരളത്തെ അപകീര്‍ത്തിപ്പെടുത്തിയെങ്കില്‍, രണ്ടാം ഭാഗം മുസ്ലിം സമുദായത്തെ ക്രൂരമായ വില്ലന്മാരായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
|
ടീസറിലെ ഉള്ളടക്കം
ഭാരതം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആയി മാറുമെന്ന് പ്രവചിക്കുന്ന വോയിസ്ഓവറോടെയാണ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ തുടങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു പെണ്‍കുട്ടികളും മുസ്ലിം യുവാക്കളും തമ്മിലുള്ള പ്രണയബന്ധങ്ങളെയാണ് ടീസര്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രണയകാലത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ വിവാഹശേഷം ലംഘിക്കപ്പെടുന്നതായും, സ്ത്രീകളെ മതം മാറ്റുന്നതായും ടീസര്‍ ചിത്രീകരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിവാദമായത് ഒരു സ്ത്രീയെ ബലപ്രയോഗത്തിലൂടെ ‘ബീഫ്’ കഴിപ്പിക്കുന്ന രംഗമാണ്.
മലയാളിക്ക് ബീഫിനോടുള്ള പ്രിയവും ആര്‍ക്കും ബലമായി ഭക്ഷണം നല്‍കില്ലെന്ന വസ്തുതയും മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഈ രംഗത്തിനെതിരെ കടുത്ത പരിഹാസം ഉയരുന്നുണ്ട്. കേരളത്തിന്റെ തനത് സംസ്‌കാരത്തെയും ഭക്ഷണരീതിയെയും വിദ്വേഷ പ്രചാരണത്തിനുള്ള ആയുധമാക്കുകയാണ് സിനിമയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍, വിമര്‍ശനം കേവലം ബീഫ് തിന്നുന്നതുമായി ബന്ധപ്പെട്ട പരിഹാസത്തില്‍ മാത്രം ഒതുക്കുന്നന്നത് സിനിയുടെ കാതലായ വിഷയത്തെ മറന്നു പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗൗരവകരമായ ഭീഷണി
യാഥാര്‍ത്ഥ്യവുമായി ചെറിയ ബന്ധമെങ്കിലും ഉള്ളവര്‍ക്ക് ഇതിലെ ചിത്രീകരണങ്ങള്‍ വെറും പരിഹാസ്യമായി തോന്നാം. എങ്കിലും വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു: ഇതിനെ ലഘുവായി കാണരുത്. ഇതൊരു തമാശയല്ല, മറിച്ച് ഒരു ജനതയെ മുഴുവന്‍ ക്രൂരരും വെറുക്കപ്പെടേണ്ടവരുമായി ചിത്രീകരിക്കുന്ന അപകടകരമായ കളിയാണ്. കേരളത്തെക്കുറിച്ച് അറിയാത്തവര്‍ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ ‘പുകയില്ലാതെ തീയുണ്ടാകില്ല’ എന്ന് ചിന്തിക്കാന്‍ ഇത് കാരണമാകും.
ബീഫ് വിവാദം

ഏതാനും പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പിടിച്ചുവെക്കുകയും മറ്റൊരു സ്ത്രീ ആ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും ചെയ്യുന്ന രംഗമാണ് ഏറ്റവും വലിയ രോഷമുണ്ടാക്കിയത്. മലയാളികള്‍ തങ്ങളുടെ ബീഫ് മറ്റൊരാള്‍ക്ക് പങ്കുവെക്കാന്‍ പോലും തയ്യാറാകില്ലെന്നും, പിന്നെങ്ങനെ നിര്‍ബന്ധിച്ച് കഴിപ്പിക്കും എന്നുമുള്ള പരിഹാസങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞു. പ്രശസ്തമായ ‘ബീഫും പൊറോട്ടയും’ കോമ്പിനേഷനിലെ പൊറോട്ട എവിടെപ്പോയി എന്നായിരുന്നു മലയാളികളുടെ പരിഹാസം. എന്നാല്‍ ഹിന്ദുത്വ ഭൂരിപക്ഷത്തെ ഒരു ചെറിയ സംസ്ഥാനത്തിനെതിരെ തിരിച്ചുവിടാന്‍ ‘ബീഫ്’ എന്ന വിഷയം എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.
ആസൂത്രിതമായ തിരക്കഥ
രണ്ടാം ഭാഗത്തിന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, മുസ്ലിം യുവാക്കളെ തുടക്കത്തില്‍ മാന്യന്മാരായി കാണിക്കുകയും പിന്നീട് അവരെ ക്രൂരന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. വിശ്വാസിയല്ലാത്ത മുസ്ലിം യുവാവ്, സ്‌നേഹമുള്ള യുവാവ് എന്നിങ്ങനെ ആളുകള്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കഥാപാത്രങ്ങളിലൂടെ വിശ്വാസം നേടിയെടുക്കുകയും പിന്നീട് അവരെ ചതിയന്മാരായി മുദ്രകുത്തുകയും ചെയ്യുന്നതാണ് തിരക്കഥയുടെ തന്ത്രം.
ചരിത്രപരമായ വികല ചിത്രീകരണം
മൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ ടീസറില്‍, കേരളത്തില്‍ നിന്ന് 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇത് ‘മൂന്ന്’ എന്നാക്കി തിരുത്തേണ്ടി വന്നു. എന്നാല്‍, വസ്തുതാപരമായ തെറ്റുകള്‍ ഉണ്ടായിട്ടും ചിത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണയും ദേശീയ പുരസ്‌കാരവും ചരിത്രത്തെ വളച്ചൊടിക്കാന്‍ അവസരമൊരുക്കിയെന്ന് വിമര്‍ശകര്‍ കരുതുന്നു.
ഹിറ്റ്ലറുടെ നാസി ജര്‍മ്മനിയില്‍ കലയും സിനിമയും എങ്ങനെയാണോ പ്രൊപ്പഗണ്ടയ്ക്കായി (പ്രചാരവേല) ഉപയോഗിച്ചത്, സമാനമായ രീതിയിലുള്ള ശ്രമങ്ങളാണ് ഇവിടെയും നടക്കുന്നത്. ‘ഉറി’, ‘ആര്‍ട്ടിക്കിള്‍ 370’ തുടങ്ങിയ ചിത്രങ്ങളിലൂടെ വലതുപക്ഷ രാഷ്ട്രീയം സിനിമാ മാധ്യമത്തെ കൃത്യമായി ഉപയോഗിക്കുന്നുണ്ട്.
‘ദി കാശ്മീര്‍ ഫയല്‍സ്’ അല്ലെങ്കില്‍ ‘ദി കേരള സ്റ്റോറി’ പോലുള്ള സിനിമകള്‍ വസ്തുതാപരമായി നിലവാരമില്ലാത്തതാണെങ്കിലും, നല്ല രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന പ്രൊപ്പഗണ്ട സിനിമകള്‍ വലിയൊരു വിഭാഗം പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
സംവിധായകന്റെ അവകാശവാദം
ആദ്യ ഭാഗം കേരളത്തെക്കുറിച്ചാണെങ്കില്‍ രണ്ടാം ഭാഗം മതം മാറ്റം രാജ്യവ്യാപകമായി എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചാണെന്ന് സംവിധായകന്‍ കാമാഖ്യ സിംഗ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ കാണിക്കുന്നതെല്ലാം സത്യമാണെന്നും പോലീസ് കേസുകളെയും കോടതി വിധികളെയും ആസ്പദമാക്കിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, രാജ്യത്തിന്റെ നേട്ടങ്ങളില്‍ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ഒരു ജനതയെ മുഴുവന്‍ സംശയനിഴലില്‍ നിര്‍ത്തുന്നതും എങ്ങനെയാണ് ‘ദേശീയ താല്‍പ്പര്യ’ത്തിന് അനുഗുണമാവുക എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തരം സിനിമകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.





