09
Nov 2026
Mon
09 Nov 2026 Mon
Kids Explore Japanese Craft at Sharjah Book Fair

ഷാർജ: നിറങ്ങളും അലങ്കാരങ്ങളും ഭാവനയും ഒത്തുചേർന്ന സർഗാത്മക അനുഭവവുമായി കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഡെക്കോഡൻ ബുക്ക് ജ്വല്ലറി ബോക്സ്’ ശിൽപശാലയാണ് കുട്ടികൾക്ക് വേറിട്ട അനുഭവമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജാപ്പനീസ് കരകൗശല കലയായ ഡെക്കോഡൻ ഉപയോഗിച്ചാണ് കുട്ടികൾ മനോഹരമായ ജ്വല്ലറി ബോക്സുകൾ ഒരുക്കിയത്. വിപ്പ്ഡ് ക്രീമിനോട് സാമ്യമുള്ള അലങ്കാര ക്ലേ, വർണാഭമായ കല്ലുകൾ, മുത്തുകൾ, ത്രിമാന അലങ്കാരങ്ങൾ, ചെറുരൂപങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം.

പുസ്തകത്തിന്റെ രൂപത്തിലുള്ള ചെറിയ പെട്ടികൾ കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാനുള്ള അവസരമാണ് ശിൽപശാലയിലൂടെ ലഭിച്ചത്. വിവിധ നിറങ്ങളിലുള്ള അലങ്കാര വസ്തുക്കളിൽ നിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഓരോരുത്തരും സ്വന്തം ഭാവനയ്ക്കനുസരിച്ച് ഡിസൈനുകൾ ഒരുക്കി. ചിലർ നിരവധി അലങ്കാരങ്ങൾ ഉപയോഗിച്ച് പെട്ടികൾ വർണാഭമാക്കിയപ്പോൾ മറ്റുചിലർ ഇഷ്ടപ്പെട്ട ചെറിയ രൂപങ്ങൾക്ക് പ്രാധാന്യം നൽകി ലളിതമായ ഡിസൈനുകൾ തിരഞ്ഞെടുത്തു.

നിറങ്ങളും രൂപങ്ങളും കൂട്ടിച്ചേർത്ത് അലങ്കാരങ്ങൾ ക്രമീകരിക്കുന്നതിലൂടെ കുട്ടികളുടെ സർഗാത്മകതയും കൈകളുടെ സൂക്ഷ്മ ചലനശേഷിയും വളർത്താൻ ശിൽപശാല സഹായിച്ചു. ഡിജിറ്റൽ സ്ക്രീനുകളിൽനിന്ന് മാറി സ്വന്തം കൈകളാൽ എന്തെങ്കിലും നിർമിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.

പരിപാടിയുടെ അവസാനം ഓരോ കുട്ടിക്കും തങ്ങൾതന്നെ നിർമിച്ച വ്യത്യസ്തമായ ജ്വല്ലറി ബോക്സുകൾ വീട്ടിലേക്ക് കൊണ്ടുപോകാനായി.

നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. 17 ലക്ഷത്തിലേറെ പുസ്തകങ്ങളും 1,500 സാംസ്കാരിക, സർഗാത്മക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക