യാത്രകളുടെ യഥാർഥ അനുഭവങ്ങളും വൈകാരികതയും ചിത്രങ്ങൾക്കും ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കും പൂർണമായി പകർത്താനാകില്ലെന്ന് എമിറാത്തി യാത്രാ എഴുത്തുകാരൻ ഡോ. ഹമദ് അൽ ജാബ്രി. ആർട്ടിഫിഷ്യൽ ഇന്റലിജൻസും സോഷ്യൽ മീഡിയയും വളർന്നിട്ടും ഒരു സ്ഥലത്തെ നേരിട്ട് അനുഭവിച്ചറിയുന്നതിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഷാർജ പബ്ലിക് ലൈബ്രറീസ് സംഘടിപ്പിച്ച ‘ദ ആർട്ട് ഓഫ് ട്രാവൽ റൈറ്റിങ്’ എന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
|
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, അവിടുത്തെ സാംസ്കാരിക വൈവിധ്യവും ജനജീവിതവും പൈതൃകവും തന്റെ എഴുത്തിന് പ്രചോദനമായെന്ന് പറഞ്ഞു. വിനോദസഞ്ചാരമെന്ന നിലയിൽ തുടങ്ങിയ യാത്രകൾ പിന്നീട് പ്രാദേശിക സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും അടുത്തറിയാനും പഠിക്കാനും അവയെ യാത്രാവിവരണങ്ങളിലൂടെ അവതരിപ്പിക്കാനും പ്രേരിപ്പിച്ചു. ലാറ്റിനമേരിക്കൻ സമൂഹങ്ങളും അറബ് സമൂഹങ്ങളും തമ്മിലുള്ള സാംസ്കാരികവും മാനുഷികവുമായ സമാനതകളും തന്നെ ഏറെ ആകർഷിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേ കാഴ്ച കാണുന്നവർക്ക് വ്യത്യസ്തമായ അനുഭവങ്ങളും വ്യാഖ്യാനങ്ങളുമാണ് ഉണ്ടാകുന്നതെന്നും അതിനെ സാഹിത്യത്തിന്റെ ആഴത്തോടെ വായനക്കാരിലെത്തിക്കുന്നതാണ് മികച്ച യാത്രാവിവരണമെന്നുമാണ് ഹമദ് അൽ ജാബ്രിയുടെ വിലയിരുത്തൽ. സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ വിവരണങ്ങൾക്കപ്പുറം അവിടുത്തെ മനുഷ്യരുടെയും അനുഭവങ്ങളുടെയും വൈകാരികത കൂടി എഴുത്തിൽ പ്രതിഫലിക്കണം. ഷാർജ പുസ്തകമേളയിലെ ‘ലൈബ്രറി ഓഫ് സിവിലൈസേഷൻ’ പരിപാടിയുടെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



