24
Nov 2026
Tue
24 Nov 2026 Tue
Kollam Eravipuram Saya Death Mystery Relative Alleges Husband Afsal Drug Case

കൊല്ലം: ഇരവിപുരം ഭരണിക്കാവില്‍ ഭര്‍തൃഗൃഹത്തില്‍ സായ (26) എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭര്‍ത്താവ് അഫ്‌സലിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സായയുടെ ബന്ധുവായ യുവതി രംഗത്തെത്തി. അഫ്‌സല്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും, സായ ഭര്‍തൃവീട്ടില്‍ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നതായും യുവതി വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പൊലീസ് എത്തും മുന്‍പ് മുറി വൃത്തിയാക്കിയത് എന്തിന്?’

സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ അഫ്‌സലിനെതിരെ കേസെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
‘അഫ്‌സല്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടയാളാണ്. അഫ്‌സലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ അമ്മയും സായയെ സമ്മര്‍ദ്ദത്തിലാക്കി. സുഹൃത്തുക്കളോടും വീട്ടുകാരോടും സായ സംസാരിക്കുന്നതിന് പോലും വിലക്കേര്‍പ്പെടുത്തിയിരുന്നു’ ബന്ധുവായ യുവതി പറഞ്ഞു.

സായയുടെ മരണശേഷം പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് തന്നെ മൃതദേഹം കണ്ടെത്തിയ മുറി വൃത്തിയാക്കിയതെന്തിനാണെന്ന് അന്വേഷിക്കണമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ജോലി കിട്ടിയിട്ടും അഫ്‌സല്‍ സായയെ ജോലിക്ക് വിട്ടിരുന്നില്ലെന്ന് സായയുടെ സുഹൃത്തും നേരത്തെ ആരോപിച്ചിരുന്നു.

ലാപ്‌ടോപ്പും ഡയറിയും കാണാനില്ല; 80 പവനും കാറും നല്‍കിയിട്ടും പീഡനം

പത്തനാപുരം സ്വദേശിയും നിലവില്‍ എറണാകുളത്ത് താമസക്കാരുമായ ഷാജി-റിഹാന ദമ്പതികളുടെ മകളാണ് സായ. 2023 ജനുവരി 15-നായിരുന്നു മാടന്‍നട സ്വദേശി അഫ്‌സലുമായുള്ള സായയുടെ വിവാഹം.

സായയുടെ ലാപ്‌ടോപ്പും ഒരു ഡയറിയും കാണാതായിട്ടുണ്ടെന്നും, അഫ്‌സലിനെക്കുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ ഇവയിലുണ്ടായിരുന്നതിനാല്‍ ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചിട്ടുണ്ടാകാമെന്നും സായയുടെ മാതാവ് ആരോപിക്കുന്നു. ‘അഫ്‌സലിന് വേറൊരു മുഖമുണ്ടെന്നും സമയമാകുമ്പോള്‍ പറയാമെന്നും അവള്‍ പറയാറുണ്ടായിരുന്നു. അഫ്‌സല്‍ കാണുമെന്ന് പേടിച്ച് മെസേജുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുമായിരുന്നു’ എന്നും അമ്മ വ്യക്തമാക്കി.

വിവാഹസമയത്ത് 80 പവന്‍ സ്വര്‍ണ്ണവും കാറും നല്‍കിയിട്ടും കൂടുതല്‍ പണത്തിനായി അഫ്‌സല്‍ സായയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. അഫ്‌സലിന്റെ അമ്മാവന്‍ ഭൂമി എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും കുടുംബം നല്‍കിയ പരാതിയിലുണ്ട്. കൂടാതെ സായയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് അഫ്‌സല്‍ ബിസിനസ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും, സായയുടെ ഫോണിന്റെ പിന്‍ നമ്പര്‍ അറിയില്ലെന്ന് അഫ്‌സല്‍ പൊലീസിനോട് കള്ളം പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

മരണം അറിയിച്ചത് 4 മണിക്കൂര്‍ വൈകി

ഒക്ടോബര്‍ 31-ന് വൈകിട്ട് നാല് മണിയോടെ വീട്ടില്‍ ബഹളം നടന്നതായി അയല്‍വാസികള്‍ പറയുന്നു. രാത്രിയോടെ സായയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍ മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും, ഹൃദയസംബന്ധമായ അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചുവരുത്തിയതെന്നും സായയുടെ കുടുംബം പറയുന്നു.

ആത്മഹത്യക്കുറിപ്പിലെ വരികളും പൊലീസ് അന്വേഷണവും

സായയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ ‘തന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നും ഭര്‍ത്താവിനോട് സ്‌നേഹം മാത്രമേ ഉള്ളൂ’ എന്നുമാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഇത് ഭീഷണിപ്പെടുത്തി എഴുതിച്ചതാണോ എന്ന സംശയവും കുടുംബത്തിനുണ്ട്.

മാതാപിതാക്കള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഇരവിപുരം പൊലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് പുനഃപരിശോധിക്കുകയാണ്. അന്വേഷണത്തില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസിപി വ്യക്തമാക്കിയിട്ടുണ്ട്.

Tags: Eravipuram Saya Death, Kollam Crime News, Husband Afsal Drug Case Allegation, Saya Missing Laptop Diary, Kollam Police Investigation, Kerala News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക