12
Oct 2026
Mon
12 Oct 2026 Mon

ജമ്മു കശ്മീർ: നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാക് അധീന കശ്മീരിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘാട്ടി സെക്ടറിലെ സത്വാൽ–നാക്കി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഫോടകവസ്തു ഉപയോഗിച്ചുള്ള സ്ഫോടനത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ ലഷ്കർ-ഇ-ത്വയ്ബയുടെ ഉന്നത കമാൻഡർ മുഹമ്മദ് ഫൈസാനും ഉൾപ്പെടുന്നു. മുഹമ്മദ് ഇസ്തിയാഖ്, മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേരെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവർ പാക് അധീന കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഹജിറ മേഖലയിലുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.

പാകിസ്ഥാൻ ഭാഗത്തുനിന്ന് ഒരു സംഘം നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിവരം. എന്നാൽ സ്ഫോടനത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തെ തുടർന്ന് നിയന്ത്രണരേഖയിലുടനീളം സുരക്ഷ ശക്തമാക്കി. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി സൈന്യം നിരീക്ഷണം വർധിപ്പിക്കുകയും ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. സത്വാൽ–നാക്കി മേഖല മുൻകാലങ്ങളിലും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുള്ള പാതയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

അതിർത്തിയിൽ രണ്ട് കുഴിബോംബുകൾ കണ്ടെത്തി

അതിനിടെ, പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലെ ബസോണി മേഖലയിൽ അതിർത്തിവേലിക്ക് സമീപം രണ്ട് പഴയ കുഴിബോംബുകൾ സൈന്യം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പാത നിർമാണത്തിനിടെയാണ് ഇവ കണ്ടെത്തിയത്. രാവിലെ 8.25നും ഉച്ചയ്ക്ക് 12.10നും ആയിരുന്നു കണ്ടെത്തലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന് സൈനിക വിദഗ്ധർ നിയന്ത്രിത സ്ഫോടനത്തിലൂടെ കുഴിബോംബുകൾ നിർവീര്യമാക്കി. കനത്ത മഴയിൽ മണ്ണൊലിപ്പുണ്ടാകുമ്പോൾ അതിർത്തിയിലെ കുഴിബോംബുകൾ സ്ഥാനചലനം സംഭവിച്ച് പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ:റിയാദ് വിമാനത്താവളം ഒക്ടോബർ 17 വരെ അടച്ചിടും; സൗദിയിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക