ചെന്നൈ: സനാതന ധര്‍മത്തെ തൊടാന്‍ കഴിയില്ലെന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രസ്താവനയ്ക്ക് വായടപ്പന്‍ മറുപടിയുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.(Let us see whether Sanatana Dharma will be wiped out; Udayanidhi Stalin’s reply to Pawan Kalyan) സനാതനധര്‍മം തുടച്ചുനീക്കപ്പെടുമോ ഇല്ലയോ എന്ന് നമുക്ക് കാണാം എന്നാണ് ഉയനിധി സ്റ്റാലിന്റെ ചുരുങ്ങിയ വാക്കുകളിലുള്ള മറുപടി
|
സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്നും അത് തുടച്ചുനീക്കേണ്ടതാണെന്നും ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേ പവന്‍ കല്യാണ്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.
‘സനാതന ധര്‍മത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവര്‍ തുടച്ചുനീക്കപ്പെടും’ എന്നായിരുന്നു പവന്‍ കല്യാണിന്റെ പ്രസ്താവന.
‘സനാതനധര്‍മം ഒരു വൈറസ് പോലെയാണെന്ന് പറയരുത്. അത് നശിക്കും എന്ന് ആര് പറഞ്ഞാലും ഞാന്‍ പറയട്ടെ, സനാതനധര്‍മം തുടച്ചുനീക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബാലാജി ഭഗവാന്റെ പാദങ്ങളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ തുടച്ചുനീക്കും, ‘- പവന്‍ കല്യാണ്‍ പറഞ്ഞു.
സനാതന ധര്‍മ സംരക്ഷണവും നിയമവും ദേശീയതലത്തില്‍ സംരക്ഷണ ബോര്‍ഡും വേണമെന്ന് ജനസേവ തലവന്‍ കൂടിയായ പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സനാതന ധര്‍മത്തെ അവഹേളിക്കുന്നവര്‍ക്ക് കോടതി സുരക്ഷ ഒരുക്കുന്നു എന്നും പവന്‍ ആരോപിച്ചു.
പ്രസിദ്ധമായ തിരുപ്പതി ലഡു പ്രസാദത്തിന് ഉപയോഗിക്കുന്ന പശു നെയ്യില്‍ മായം ചേര്‍ത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സുപ്രീം കോടതി പരിഗണിക്കുകയാണ്. എന്നാല്‍ മൃഗ കൊഴുപ്പില്‍ മായം കലര്‍ത്തിയ നെയ്യ് ഉപയോഗിച്ചാണ് ആ ലഡു ഉണ്ടാക്കിയതെന്നും ഒരുലക്ഷം പ്രസാദ ലഡു അയച്ചുകൊടുത്തുവെന്നും പവന്‍ കല്യാണ്‍ വാദിച്ചു.





