|
ന്യൂഡല്‍ഹി: ഇൻ്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാതെ സ്‌മാർട്ട്‌ഫോണുകളിൽ ടിവി ചാനലുകളുടെ തത്സമയ സംപ്രേക്ഷണം പ്രവർത്തനക്ഷമമാക്കനുള്ള പദ്ധതിയുമായി പ്രസാർ ഭാരതി. ഇതിന്റെ ഭാഗമായി ഡയറക്ട്-ടു-മൊബൈല്‍ (D2M) സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രസാർ ഭാരതി ആരംഭിച്ചു.
ഐഐടി കാന്‍പൂര്‍, സാംഖ്യ ലാബ്‌സ് എന്നിവയുമായി സഹകരിച്ച് ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പദ്ധതിയുടെ ട്രയല് നടത്തുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐഐടി കാന്‍പൂരുമായി ചേര്‍ന്നുള്ള ഡയറക്ട്-ടു-മൊബൈല്‍ പരീക്ഷണങ്ങള്‍ വിജയകരമാണെന്നും ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സെല്ലുലാര്‍ ടവറുകളിലെ ട്രാന്‍സ്മിറ്ററുകളും മൊബൈല്‍ ഫോണുകളിലെ ചിപ്പുകളും ആവശ്യമാണെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ടിവി, റേഡിയോ പോലുള്ള ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഫോണുകളില്‍ ലൈവ് സ്ട്രീമിംഗ് നടത്തുക. ഇങ്ങിനെ ചെയ്യുമ്പോൾ ലൈവ് ആയി TV കാണാൻ പരമ്പരാഗത സെല്ലുലാര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ ആവശ്യമില്ല. എന്നാല് ഈ പദ്ധതി നടപ്പാക്കണം എങ്കിൽ ബ്രോഡ്കാസ്റ്റ് സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും ഡീകോഡ് ചെയ്യുന്നതിനും സ്മാർട്ട് ഫോണുകള്‍ക്ക് പ്രത്യേക ഹാര്‍ഡ്വെയര്‍ ആവശ്യമാണ്.
ഇന്റര്‍നെറ്റ് കണക്ഷന്റെ വേരിയബിള്‍ വേഗതയെയും സ്ഥിരതയെയും ആശ്രയിക്കാത്തതിനാല്‍ HD വീഡിയോ, ഓഡിയോ തന്നേ ലഭിച്ചേക്കും. ബഫറിങ് പ്രശ്നവും ഉണ്ടായേക്കില്ല.
കർണാടക ആസ്ഥാനമായുള്ള വയർലെസ് കമ്മ്യൂണിക്കേഷൻ സൊല്യൂഷൻ പ്രൊവൈഡറാണ് തേജസ് നെറ്റ്‌വർക്കിൻ്റെ ഉപസ്ഥാപനമായ സാംഖ്യ ലാബ്സ്.
പുതിയ OTT പ്ലാറ്റ്‌ഫോം വരുമാനം പങ്കിടൽ മോഡൽ സ്വീകരിക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അതിൽ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നോ ഇടപാട് അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കത്തിൽ നിന്നോ ലഭിക്കുന്ന അറ്റ വരുമാനത്തിൻ്റെ 65 ശതമാനം ഉള്ളടക്ക ദാതാക്കൾക്ക് ലഭിക്കും. ബാക്കി 35 ശതമാനം പ്രസാർ ഭാരതി നിലനിർത്തും. പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയിരിക്കുന്ന സാറ്റലൈറ്റ് ചാനലുകളിലേക്കും ഇതേ മാതൃക വ്യാപിപ്പിക്കും.
Live streaming on smartphones without internet; Prasarbharati trial started


