ന്യൂഡല്‍ഹി: എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളെയും പ്രവചനങ്ങളെയും കാറ്റില്‍ പറത്തി വന്‍ കുതിപ്പ് നടത്തിയ ഇന്ത്യ മുന്നണി പുതിയ സഖ്യങ്ങള്‍ തേടുന്നു. (Lok Sabha results: Nitish, Naidu hold key to new government ) നിലവില്‍ 230ഓളം സീറ്റുകളില്‍ സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. എന്‍ഡിഎയില്‍ 297 പേരാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ നിലവില്‍ എന്‍ഡിയുടെ കൂടെ നില്‍ക്കുന്ന കക്ഷികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ സഖ്യം.
|
നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നിവയെയാണ് ഇന്ത്യ മുന്നണി നോട്ടമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി എന്‍സിപി നേതാവ് ശരത് പവാര്‍ ഇരു കക്ഷികളുമായും ബന്ധപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ടിഡിപിയും ജെഡിയുവും എന്‍ഡിഎയുടെ കൂടെ ചേര്‍ന്നത്. ആദ്യം ഇന്ത്യ മുന്നണിയുടെ നേതൃനിരയിലുണ്ടായിരുന്ന നീതിഷ്, ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മുന്നണി വിട്ടത്. 10 വര്‍ഷത്തിന് ശേഷമാണ് നായിഡു വീണ്ടും അടുത്ത കാലത്ത് എന്‍ഡിഎയില്‍ എത്തിയത്. നീതിഷിനെ തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ടി ആര്‍ജെഡിയും ശ്രമം തുടങ്ങിയിട്ടുണ്ട്.
ജെഡിയു നിലവില്‍ 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ടിഡിപിക്ക് 16 സീറ്റുകളില്‍ ലീഡുണ്ട്. ഇരു പാര്‍ട്ടികളും ചേര്‍ന്നാല്‍ 30 സീറ്റുകളാവും. മറ്റു ചെറു കക്ഷികളെ കൂടി ഒപ്പം കൂടി സര്‍ക്കാര്‍ രൂപീകണത്തിന് സാധിക്കുമോ എന്ന ശ്രമത്തിലാണ് ഇന്ത്യ മുന്നണി.





