13
Sep 2026
Sun
13 Sep 2026 Sun
Yasin Sheikh Poonoor Karunyatheeram

പത്തുവര്‍ഷം മുമ്പ് കാണാതായ ഒരു ചെറുപ്പക്കാരനെ വെറും 10 സെക്കന്‍ഡ് ദീര്‍ഘ്യമുള്ള ഒരു ചെറിയ വീഡിയോയിലൂടെ കുടുംബത്തിന് തിരികെ ലഭിച്ചിരിക്കുന്നു! ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ നിന്ന് പത്തുവര്‍ഷം മുമ്പ് കാണാതായ യാസിന്‍ ഷെയ്ക്ക് എന്ന ഭിന്നശേഷിക്കാരനായ യുവാവിനാണ് തികച്ചും യാദൃശ്ചികമായി കുടുംബത്തെ തിരികെ ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • അത്ഭുത കണ്ടെത്തൽ: 10 വർഷം മുൻപ് ജാർഖണ്ഡിൽ നിന്ന് കാണാതായ യാസീൻ ഷെയ്ക് 10 സെക്കൻഡ് സോഷ്യൽ മീഡിയ വീഡിയോയിലൂടെ കുടുംബവുമായി ഒന്നിച്ചു.
  • അഭയകേന്ദ്രം: കോഴിക്കോട് പൂനൂർ കാരുണ്യതീരം പ്രതീക്ഷാ ഭവനിൽ ‘റഷീദ്’ എന്ന പേരിലായിരുന്നു യാസീൻ കഴിഞ്ഞിരുന്നത്.
  • വഴിത്തിരിവ്: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ കണ്ട സഹോദരൻ കമന്റ് ചെയ്തതോടെയാണ് ബന്ധം ഉറപ്പിച്ചത്.
  • സങ്കടകരമായ വശം: മകനെ കണ്ടെത്താനാകാത്ത വിഷമത്തിൽ മാതാവ് നൂർഫുൾ ദീദി 2023-ൽ മരണപ്പെട്ടിരുന്നു.

പത്ത് വര്‍ഷം കോഴിക്കോട് പൂനൂര്‍ കാരുണ്യതീരം പ്രതീക്ഷാ ഭവന്റെ തണലില്‍ ‘റഷീദ്’ എന്ന പേരിലാണ് യാസിന്‍ കഴിഞ്ഞിരുന്നത്.
സ്വാതന്ത്ര്യദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെയാണ് യാസീനു നാട്ടിലേക്കുള്ള വഴിതുറന്നത്.

ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിലെ നാരായണ്‍പുര്‍ സ്വദേശിയായ യാസീനെ പതിനേഴാം വയസ്സിലാണ് കാണാതാവുന്നത്. കുടുംബത്തില്‍നിന്ന് വേര്‍പെട്ട യാസീന്‍ കോഴിക്കോട് ചെറുവാടിയിലെത്തി. സംസാര വൈകല്യമുള്ള കുട്ടി അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ALSO READ: 12കാരിയെ ഭീഷണിപ്പെടുത്തി പല തവണ ബലാല്‍സംഗം ചെയ്തു; കവിയൂര്‍ സ്വദേശിക്ക് 31 വര്‍ഷം തടവ്

പിന്നീട് ചൈല്‍ഡ് ലൈന്‍ മുഖേന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയും കോഴിക്കോട് വെള്ളിമാടുകുന്നിലെ പുണ്യഭവനിലേക്ക് മാറ്റുകയും ചെയ്തു. ആറുവര്‍ഷത്തോളം അവിടെ താമസിച്ച യാസീനെ 2023 സെപ്റ്റംബറിലാണ് സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ പൂനൂര്‍ കാരുണ്യതീരം ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനിലേക്ക് മാറ്റിയത്. ഇവിടെയെത്തിയതോടെ യാസീന്‍ എല്ലാവര്‍ക്കും റഷീദ് ആയി.

കഴിഞ്ഞ ഓഗസ്റ്റ് 15ന് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ മധുരം വിതരണം ചെയ്യുന്നതിനായി ‘മുളകുപെട്ടി’ സ്റ്റാര്‍ട്ടപ്പിന്റെ ടീം അംഗങ്ങളും കാരുണ്യതീരം ക്യാംപസിലെത്തിയിരുന്നു. ആഘോഷത്തിനിടെ യാസീനും കൂട്ടുകാരനും പുഞ്ചിരിച്ച് നടന്നുനീങ്ങുന്ന വിഡിയോ ഇവര്‍ പകര്‍ത്തുകയും ‘സ്വാതന്ത്ര്യത്തിന്റെ ചിരി’ എന്ന കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ വ്യാപകമായി പ്രചരിച്ചു.

സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയ്ക്ക് താഴെ, ഇത് തന്റെ സഹോദരനാണെന്ന് അവകാശപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശിയായ ഒരാള്‍ കമന്റ് ചെയ്തതോടെയാണ് വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് അവര്‍ വീഡിയോ കോളിലൂടെയും മറ്റും സംസാരിച്ച് ബന്ധം സ്ഥിരീകരിക്കുകയും ചെയ്തു.

യാസീനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വര്‍ഷങ്ങളോളം തിരച്ചില്‍ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായിരുന്നില്ല. മകനെ കണ്ടെത്താനാകാത്തതിന്റെ വേദനയില്‍ കഴിഞ്ഞ മാതാവ് നൂര്‍ഫുള്‍ ദീദി 2023ല്‍ മരണപ്പെടുകയും ചെയ്തു.

ഒടുവില്‍, പത്തുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം യാസീനെ സ്വന്തം നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ചിരിക്കുകയാണ്. ഒരു ദൈവനിയോഗം പോലെ ആ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വ്യക്തിക്ക് ഇപ്പോള്‍ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

Tags: Yasin Sheikh, Poonoor Karunyatheeram, Kozhikode News, Jharkhand News, Social Media Viral Video, Kerala News, Good News Kerala, Human Interest Story

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക