ദുബയ്: ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ദുബയിൽ പ്രവർത്തനമാരംഭിച്ചു. ഏവിയേഷൻ സിറ്റി, ലോജിസ്റ്റിക്സ് എന്നിവയിൽ കേന്ദ്രീകരിക്കുന്ന ദുബ യിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബയ് സൗത്തിലാണ് പുതിയ ലുലു ഹൈപ്പർ മാർക്കറ്റ്. ദുബയ് ഏവിയേഷൻ സിറ്റി കോർപ്പറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ ഖലീഫ അൽ സഫിനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ 248ാമത്തേതുമായ ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
|
വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉത്പന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ഹൈപ്പർ മാർക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. ‘ദുബയ് സൗത്ത്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ദുബയ് വേൾഡ് സെൻട്രൽ 145 ചതുരശ്ര കിലോമീറ്ററിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു നഗരസമുച്ചയമാണ് . ഒരു ദശലക്ഷം ജനസംഖ്യയെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ‘ദുബയ് സൗത്ത്’.
2006-ൽ ആരംഭിച്ച ഈ ദുബയ് ഉപ നഗര സംവിധാനം ദുബയ് പ്ലാൻ 2021-ൽ വിവരിച്ചിരിക്കുന്ന നഗര-സാമൂഹിക തീമുകൾ പ്രകടമാക്കുന്നതാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് നഗരം.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ പോകുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടും ദുബയ് സൗത്തിനെ ശക്തിപ്പെടുത്തും. ദുബയ് എക്സ്പോ സിറ്റിയുടെ 5 കിലോമീറ്റർ പരിധിക്കുള്ളിലാണ് ലുലുവിന്റെ പുതിയ ദുബയ് സൗത്ത് ഹൈപ്പർ മാർക്കറ്റ് നിലകൊള്ളുന്നത്.
ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.





