ഇൻഡോർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രസകരവും വിചിത്രവുമായ നിരവധി സംഭവങ്ങൾക്ക് ഓരോ സംസ്ഥാനവും സാക്ഷിയാകാറുണ്ട്. അത്തരമൊരു സംഭവമാണ് മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്നത്.
|
രത്‌ലം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി പരസ് സത്‌ലേച്ചയാണ് കഥാനായകൻ. തെരഞ്ഞെടുപ്പ് ജയിക്കാനായി ഭിക്ഷക്കാരനായ വൃദ്ധന്റെ ചെരിപ്പ് അടി വാങ്ങിയാണ് പരസ് വ്യത്യസ്തനായത്. ഇതിനായി പുതിയ ചെരിപ്പും വാങ്ങിയാണ് പരസ് വൃദ്ധനെ സമീപിച്ചത്.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരസ് ചെരിപ്പുകളുമായി വൃദ്ധന്റെ അടുത്തെത്തുന്നതും തലയിലും കവിളുകളിലുമടക്കം വൃദ്ധൻ ശക്തിയായി അടിക്കുന്നതും വീഡിയോയിൽ കാണാം. കുറെ അടി വാങ്ങിയ ശേഷം മതി മതി ഇനി നിർത്തൂ എന്ന് പരസിന് തന്നെ പറയേണ്ടിവന്നു.
മൗ റോഡിലെ ദർഗയിൽ താമസിക്കുന്ന വൃദ്ധൻ ഫക്കീർ അബ്ബ എന്നാണ് അറിയപ്പെടുന്നത്. ‘ദുഷ്ടശക്തികളുടെ കണ്ണേറിൽ നിന്നും രക്ഷ’ നൽകുന്നതാണ് ഇദ്ദേഹത്തിന്റെ ‘ദിവ്യശക്തി’ എന്നാണ് പ്രദേശവാസികൾ പറയുന്നത്. തനിക്കുണ്ടായിരുന്ന കണ്ണേറ് മാറ്റിത്തരികയാണ് ഫക്കീർ ചെയ്തതെന്നാണ് വിമർശനങ്ങളോടുള്ള പരസിന്റെ പ്രതികരണം.
വൃദ്ധനെ കാണാൻ പുതിയ വസ്ത്രവും ചെരിപ്പുമൊക്കെയായി നിരവധി ആളുകളെത്താറുണ്ട്. ഇവയിൽ ചിലത് മാത്രം ഇദ്ദേഹം സ്വീകരിക്കും. മിക്ക സമ്മാനങ്ങളും വലിച്ചെറിയുകയാണ് പതിവ്.
രത്‌ലം മണ്ഡലത്തിൽ നിന്നും 2008ൽ സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച പരസ് 2013ലും 2018ലും ബിജെപിയുടെ ചേതൻ കശ്യപിനോട് പരാജയപ്പെട്ടിരുന്നു.
#Congress candidate #ParasSaklecha seeking #blessings from a fakir in Ratlam market ends up getting a #slipper beating. #MadhyaPradeshElection2023 pic.twitter.com/zqZ6CzSpIx
— Akashdeep Singh (@akashgill78) November 17, 2023





