കോഴിക്കോട്: മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തി. വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫിസിനു മുന്നില്‍ നടക്കുന്ന സമരം കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
|
നരേന്ദ്ര മോദി ഉണ്ടാക്കിക്കൊടുത്ത ലേബര്‍ കോഡിന്റെ സൗകര്യം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമമെന്നും അതിനെതിരായ തൊഴിലാളികളുടെ സമരം കേരള പൊതുസമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസമിരിക്കുന്ന കെ.പി. റെജിയെ
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. നാസര്‍, കെ.എന്‍.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. അബ്ദുള്‍ ഹമീദ്, സേവ നാഷനല്‍ കൗണ്‍സില്‍ അംഗം ലോലിത എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.
കെ.എന്‍.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി ജയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാള്‍ സമര വിശദീകരണം നടത്തി.
മാധ്യമം ജീവനക്കാർക്ക് അഞ്ച് മാസമായി ശമ്പളം നൽകാത്തതിലും, പ്രതിഷേധിച്ചവരെ സ്ഥലംമാറ്റി ദ്രോഹിക്കുന്നതിലും കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. സർക്കാർ നിർദേശങ്ങൾ തള്ളി മാനേജ്മെന്റ് നടത്തുന്ന ഈ നടപടി മനുഷ്യത്വരഹിതമാണെന്നും തൊഴിൽ അന്തരീക്ഷം വഷളാക്കുകയാണെന്നും യൂണിയൻ വിമർശിച്ചു.
ഈ നടപടിയിലൂടെ പുണ്യമാസത്തില്‍ ലോകത്തിന് നല്‍കുന്നത് മനുഷ്യത്വ വിരുദ്ധമായ കൊടുംക്രൂരതയുടെ സന്ദേശമാണെന്നും യൂണിയന്‍ വിമര്‍ശിച്ചു.
അഞ്ച് മാസമായി ശമ്പളമില്ലാതെ കുടിശികയായിരിക്കുകയാണ്. എന്നിട്ടും പത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് തൊഴിലാളികളുടെ സഹന പ്രതിഷേധം. ഇവരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നതെന്നും യൂണിയന്‍ പറഞ്ഞു.
ശമ്പളം കിട്ടാത്തതിനാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് മേല്‍ അധിക ഭാരവും മാനസിക സമ്മര്‍ദങ്ങളും അടിച്ചേല്‍പ്പിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്.
ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ദ്രോഹ സ്ഥലമാറ്റം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുള്ള മാധ്യമം മാനേജ്‌മെന്റിന്റെ പ്രവൃത്തിയെയും യൂണിയന്‍ ചോദ്യം ചെയ്തു.
ബിജു ആന്റണി (എച്ച്.എം.എസ് ജില്ല പ്രസിഡന്റ്), കെ.പി. വിജയകുമാര്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജന. സെക്രട്ടറി), അഡ്വ. എം. രാജന്‍ (ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി),
ഒ.കെ. സത്യ (സേവ ജില്ല സെക്രട്ടറി), ഹരിദാസന്‍ പാലയില്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം), ഒ.കെ. മുരളീകൃഷ്ണന്‍ (യുവകലാ സാഹിതി), പി.കെ. പ്രേമനാഥ് (സി.ഐ.ടി.യു ജില്ല സെക്രട്ടറി), കെ. അജിത (അന്വേഷി പ്രസിഡന്റ്), ഡോ. എന്‍.പി. പത്മനാഭന്‍ (ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി),
മോഹനന്‍ പുതിയോട്ടില്‍ (എഴുത്തുകാരന്‍), പി.വി. മാധവന്‍ (എ.ഐ.ടി.യു.സി ജില്ല ട്രഷറര്‍), രതീഷ് (കെ.എന്‍.ഇ.എഫ് ജില്ല സെക്രട്ടറി), രെജി ആര്‍. നായര്‍ (കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം), സജീന്ദ്രന്‍ (ജോയിന്റ് കൗണ്‍സില്‍), സി. നാരായണന്‍ (കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന ജന. സെക്രട്ടറി), സാജിത ഗഫൂര്‍, അഷ്‌റഫ് കുരുവട്ടൂര്‍ (യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍), ശ്രീകുമാര്‍ (മംഗളം എംപ്ലോയീസ് കോഡിനേഷന്‍ കമ്മിറ്റി), ഉസ്മാന്‍ കോയ (ജില്ല പ്രസിഡന്റ്, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ – സി.ഐ.ടി.യു), പി.പി. അബൂബക്കര്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ല പ്രസിഡന്റ്), വിപുല്‍ നാഥ് (കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം) എന്നിവര്‍ സംസാരിച്ചു.
കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്റ് ഇ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ഐ.എന്‍.ടി.യു.സി, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) എന്നീ സംഘടനകള്‍ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു.




