ജിദ്ദ: മലബാര്‍ അടുക്കള കൂട്ടായ്മയുടെ ജിദ്ദ ചാപ്റ്റര്‍ ‘അരങ്ങും അടുക്കളയും’ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ജിദ്ദ കോണ്‍സുലേറ്റില്‍ ഒരുക്കുന്നു. ഫെബ്രുവരി 7ന് വൈകീട്ട് 4:30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പാചക മത്സരം, തുന്നല്‍ മത്സരം, തീറ്റ മത്സരം, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
|
രാത്രി 8.30 മുതല്‍ വര്‍ണാഭമായ കലാ പരിപാടികള്‍ അരങ്ങേറും. ജിദ്ദയിലെ കലാ രംഗത്തെ പ്രമുഖര്‍ സാംസ്‌കാരിക സന്ധ്യയുടെ ഭാഗമാകും. മലബാര്‍ അടുക്കളയുടെ ഗ്ലോബല്‍ ചെയര്‍മാനും സ്ഥാപകനുമായ മുഹമ്മദ് അലി ചാക്കോത്ത് മുഖ്യ അതിഥിയായിരിക്കും. ‘അരങ്ങും അടുക്കളയും’ പരിപാടിയില്‍ മലബാര്‍ അടുക്കള ടീം ഒരുക്കുന്ന ഫുഡ് സ്റ്റാളുകള്‍ കൊതിയൂറും വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരിക്കും. ജിദ്ദയിലെ ഭക്ഷണ പ്രിയര്‍ക്ക് വിവിധ രുചികള്‍ ആസ്വദിക്കാനാകും.
2014 ജൂലൈ 5ന് ആണ് മലബാര്‍ അടുക്കള എന്ന സൗഹൃദ കൂട്ടായ്മ രൂപം കൊള്ളുന്നത്. ദുബയ് ആസ്ഥാനമായാണ് മലബാര്‍ അടുക്കളക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പതിനെട്ട് അഡ്മിന്മാരും അന്‍പതിലേറെ കോഓര്‍ഡിനേറ്റേഴ്‌സും നൂറില്‍പരം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും അഞ്ച് ലക്ഷത്തിലേറെ മെമ്പര്‍മാരും മലബാര്‍ അടുക്കളയുടെ ഭാഗമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. പ്രധാനമായും പാചക വിഷയത്തില്‍ മുന്‍ഗണന നല്‍കുന്ന മലബാര്‍ അടുക്കള, ചാരിറ്റി രംഗത്തും സജീവമാണ്.
മലബാര്‍ അടുക്കള നിര്‍മിക്കുന്ന രുചികൂട്ടുകള്‍ ഉടനെ ഗള്‍ഫ് വിപണികളില്‍ എത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മലബാര്‍ അടുക്കള ജിദ്ദ കോഓഡിനേറ്റര്‍ കുബ്ര ലത്തീഫ്, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ഷബ്ന ബാബു, സഹീറ സവാദ്, സബീന മജീദ്, ഫായിസ ഗഫൂര്‍, മുംതാസ് സലാം, സുനീറ അബ്ദുല്‍ റഹ്‌മാന്‍, ഷംസീറ നജ്മുദ്ധീന്‍, ആശിഖാ റംസാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 216 1994 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്


