09
Nov 2026
Mon
09 Nov 2026 Mon
Malayalam Lyricists Celebrate Poetry and Music at Sharjah Book Fair

ഷാർജ: കവിതയ്ക്കും ചലച്ചിത്രഗാനങ്ങൾക്കും തലമുറകളെ ബന്ധിപ്പിക്കാനും മനുഷ്യവികാരങ്ങളും ഓർമകളും നിലനിർത്താനും കഴിയുമെന്ന് മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കളായ ബി.കെ. ഹരിനാരായണനും പി.കെ. ഗോപിയും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ‘വെൻ പോയട്രി ബികംസ് എ സോങ്’ എന്ന സംവാദത്തിലാണ് ഇരുവരും ഭാഷയുടെയും സംഗീതത്തിന്റെയും പ്രാധാന്യം പങ്കുവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലളിതമായ വികാരങ്ങൾ പോലും മനോഹരമായ ഗാനങ്ങളായി മാറാമെന്നും ഓരോ തലമുറയുടെയും സംഗീതാഭിരുചികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ തലമുറയുടെ സംഗീതാഭിരുചികളെ അംഗീകരിക്കണമെന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ഹരിനാരായണൻ പറഞ്ഞു. സ്വന്തം ഇഷ്ടങ്ങൾ തുറന്നുപറയുന്നതിൽ ഇന്നത്തെ കുട്ടികൾക്കും യുവാക്കൾക്കും കൂടുതൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്കയെയും കൂടിനെയും കുറിച്ചുള്ള കുട്ടികളുടെ പാട്ടും സാമൂഹിക വിഷയങ്ങൾ ആവിഷ്കരിക്കുന്ന റാപ്പർ വേടന്റെ ഗാനങ്ങളും ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു.

ഭാഷയെ കടലിനോടാണ് പി.കെ. ഗോപി ഉപമിച്ചത്. കടലിൽ ഒളിഞ്ഞിരിക്കുന്ന മുത്തുകൾപോലെ ഭാഷയിലും അമൂല്യമായ സാഹിത്യസമ്പത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മുത്തുകൾ നിലനിൽക്കുമ്പോഴാണ് വരുംതലമുറയ്ക്ക് അവ കണ്ടെത്താനാകുന്നത്. പാട്ടുകളുടെയും കവിതകളുടെയും സൗന്ദര്യം ഭാഷയെ അനശ്വരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സാംസ്കാരിക സ്വത്വം നിലനിർത്തുന്നതിനും സാഹിത്യപാരമ്പര്യം പുതുതലമുറയ്ക്ക് കൈമാറുന്നതിനും അനിവാര്യമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. സംഗീതവും കവിതയും ഭാഷയെ കാലത്തിനനുസരിച്ച് വളർത്തുന്നതിനൊപ്പം മനുഷ്യവികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അതിന്റെ ശേഷി നിലനിർത്തുന്നുവെന്നും സംവാദത്തിൽ വിലയിരുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക