മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സാമ്രാജ്യം’ 4K ഡോൾബി അറ്റ്മോസിൽ വീണ്ടുമെത്തുമ്പോൾ ആന്റണിയുടെ പഞ്ച് ഡയലോഗിന് കാതോർത്ത് മലയാളികൾ. ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സാമ്രാജ്യത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പാണ് റീ റിലീസിനെത്തുന്നത്. അടുത്ത മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം 4K ഡോൾബി അറ്റ്മോസിലേക്ക് മാറ്റുന്നതിന്റെ ജോലികൾ പുരോഗമിക്കുകയാണ് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
|
ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് ‘സാമ്രാജ്യം” പ്രദർശനത്തിനെത്തിയത്.
90 കളിൽ തന്നെ ഒരു കോടി രൂപ വരെ നിർമാണ ചെലവ് വന്ന ചിത്രമാണിത്. മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും വോയിസ് മോഡ്ലേഷൻ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചതോടെ ആ വർഷത്തെ ഏറ്റവും ഹിറ്റും ആയി മാറി.
കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം സ്ലോ മോഷന്റെ ഗംഭീരമായ ഉപയോഗം കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും സാമ്രാജ്യത്തിനുണ്ട്. ചിത്രത്തിന്റെ BGM കൾ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ്, കളങ്കാവൽ എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Mammootty mega hit movie Samrajyam is getting a 4K Dolby Atmos re-release


