14
Jun 2023
Tue
14 Jun 2023 Tue

മസ്കത്ത് : പ്രവാസിമലയാളികളുടെ ചികിൽസയ്ക്ക് വഴികാട്ടുന്ന മമ്മൂട്ടിയുടെ ഫാമിലി കണക്ട് ഒമാനിലും പ്രവർത്തനം തുടങ്ങി. പ്രവാസി മലയാളികൾക്ക് കേരളത്തിലെ മുൻനിര ആശുപത്രികളുമായി സഹകരിച്ച്‌ ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന ഫാമിലി കണക്‌ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതിയുടെ ഒമാനിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അൽ ജമാലി നിർവഹിച്ചു. ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക. പ്രവാസിയുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ മറുപടി നൽകുന്നതോടൊപ്പം പ്രവാസികളുടെ ഒറ്റപ്പെട്ടുപോയ നാട്ടിലെ മാതാപിതാക്കൾക്ക് ആശുപത്രിയിൽ എത്തുമ്പോൾ കൂടെനിന്ന് സഹായിക്കുന്ന പ്രഫഷനൽ വളന്റിയർ ടീമിനെയും ഫാമിലി കണക്‌ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

അന്തർദേശീയ ചികിത്സാ നിലവാരത്തിനുള്ള ജെസിഐ അംഗീകാരം ഉള്ളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യക്കോസ് പറഞ്ഞു. നാട്ടിലെത്താതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ ഒമാനിൽ ഇരുന്ന് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. പ്രവാസികൾക്ക് കരുതലേകാൻ മമ്മൂട്ടി കാണിക്കുന്ന മനസ്സിന് നന്ദിയുണ്ടെന്ന് ഒമാൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി ഹാഷിം ഹസൻ പറഞ്ഞു.