നെയ്യാറ്റിന്‍കര ഗോപന്റെ ബാധ കയറിയെന്ന് അവകാശപ്പെട്ട് പരാക്രമം നടത്തി യുവാവ്. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് സംഭവം. പ്രദേശത്തെ വീടുകളില്‍ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത യുവാവിനെ പോലീസ് എത്തി തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ആദ്യം നെയ്യാറ്റിന്‍കഷ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെയും അക്രമാസക്തനായ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
|
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിലും ഇയാള്‍ ബഹളമുണ്ടാക്കിയതോടെ കൈകാലുകള്‍ ബന്ധിച്ചാണ് പേരൂര്‍ക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാള്‍ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് വിവരം.
കഴിഞ്ഞ മാസമാണ് അതിയന്നൂര്‍ കാവുവിളാകത്ത് കിടപ്പുരോഗിയായിരുന്ന ഗോപന്‍സ്വാമിയുടെ മരണം വിവാദമായത്. അച്ഛന്‍ സമാധിയായെന്നു മക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചതോടെയായിരുന്നു നാട്ടുകാര്‍ മരണവിവരമറിയുന്നത്. സമാധിത്തറ സ്ലാബിട്ടു മൂടുകയും സിമന്റ് തേച്ച് അടയ്ക്കുകയും ചെയ്തത് നാട്ടുകാരില്‍ സംശയമുണര്‍ത്തുകയും പരാതി ഉയര്‍ന്നതോടെ ജനുവരി 16ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍്ട്ടം ചെയ്തിരുന്നു.
ഗോപന്‍ സ്വാമി സമാധിത്തറയിലേക്ക് തനിയെ നടന്നുപോയെന്നും ഇവിടെ ഇരുന്ന് സമാധി ആയെന്നുമായിരുന്നു കുടുംബത്തിന്റെ വിശദീകരണം. ഗോപന്‍ സ്വാമിയെന്ന് വിശേഷിപ്പിക്കുന്ന ഗോപന്റെ സമാധിത്തറയില്‍ ഇപ്പോള്‍ നിരവധി പേരാണ് പ്രാര്‍ഥനയ്ക്കും മറ്റുമായി എത്തിച്ചേരുന്നത്. ഇതിനിടെയാണ് യുവാവിന് ഗോപന്റെ ആത്മാവ് തന്റെ ശരീരത്തില്‍ കയറിയെന്നവകാശപ്പെട്ട് അക്രമം അഴിച്ചുവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





