23
Jan 2025
Mon
23 Jan 2025 Mon
Gopan swami samadhi court hearing

തിരുവനന്തപുരം: മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെട്ട നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. (Neyyattinkara Gopan Swami postmortem report) ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹം മൂര്‍ഛിച്ച് കാലുകളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസുഖങ്ങള്‍ മരണകാരണമായോ എന്ന് വ്യക്തമാക്കാന്‍ ആന്തരീക പരിശോധനാഫലം പുറത്തു വരണം. ഇനി അറിയേണ്ടത് മരിച്ച ശേഷമാണോ ഗോപന്‍ സ്വാമിയെ മകന്‍ സമാധിയിരുത്തിയത് എന്നാണ്. ശ്വാസകോശത്തില്‍ ഭസ്മത്തിന്റെ അംശം കണ്ടെത്തിയതായ സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് വിവാദമായ ഗോപന്‍സ്വാമിയുടെ സമാധി എന്ന് അവകാശപ്പെടുന്ന കല്ലറ പൊളിച്ചത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍.

സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് കോടതി വിധിയുടെ ബലത്തില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കിയത്.

ALSO READ: പുഞ്ചിരിച്ച് സമ്മാനങ്ങളേറ്റു വാങ്ങി ഇസ്രായേല്‍ ബന്ദികള്‍; തോക്കേന്തി തെരുവുകളുടെ നിയന്ത്രണമേറ്റെടുത്ത് ഖസ്സാം പോരാളികള്‍; ഇത്രയും നാള്‍ ഇവരെ എവിടെ ഒളിപ്പിച്ചു!

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹം പുതിയ കല്ലറ പണിതശേഷം സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങുകള്‍ക്കു ശേഷമായിരുന്നു സമാധിരൂപത്തില്‍ സംസ്‌കാരം. ചടങ്ങില്‍ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു.

പൊളിച്ച കല്ലറയ്ക്കു പകരം പുതിയ കല്ലറ തീര്‍ത്തായിരുന്നു ചടങ്ങുകള്‍. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നാമജപയാത്ര ആയാണു മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. സംസ്‌കാരച്ചടങ്ങില്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അടക്കമുള്ള ഹിന്ദു സംഘടന നേതാക്കളും പങ്കെടുത്തു.

ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷമേ ദുരൂഹതകളില്‍ പോലീസ് തുടരന്വേഷണം നടത്തൂ. ശ്വാസകോശത്തില്‍ ഭസ്മം കണ്ടെത്തിയത് ഉറപ്പായാല്‍ പോലീസ് മക്കളെ ഉള്‍പ്പടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.