മുംബൈ: മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ നടത്തിയ വീമ്പുപറച്ചില്‍ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചു. മൂന്നുപതിറ്റാണ്ടുമുമ്പ് 55കാരനെയും അദ്ദേഹത്തിന്റെ 59കാരിയായ ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തിനാണ് മദ്യലഹരിയില്‍ പ്രതി നടത്തിയ വീമ്പുപറച്ചിലോടെ തുമ്പായത്. ഇതോടെ അവിനാഷ് പവാര്‍ എന്ന ക്രിമിനല്‍ മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി.
|
1993ലായിരുന്നു 19കാരനായ അവിനാഷും മറ്റു രണ്ടുപേരും ചേര്‍ന്ന് ലോണാവാലയിലെ വീട്ടില്‍ മോഷണത്തിനിടെ ദമ്പതികളെ കൊലപ്പെടുത്തിയത്. രണ്ടുപേര്‍ അറസ്റ്റിലായെങ്കിലും അവിനാഷ് ഡല്‍ഹിയിലേക്ക് മുങ്ങുകയായിരുന്നു. അമ്മയെ ഉപേക്ഷിച്ചായിരുന്നു അവിനാഷ് ഡല്‍ഹിയിലെത്തിയത്.
ഡല്‍ഹിയില്‍ നിന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദിലെത്തിയ അവിനാഷ് അവിടെ നിന്ന് അമിത് പവാര്‍ എന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് നേടി. പിന്നീട് അഹമ്മദാബാദിലേക്കു പോയി. ഒടുവില്‍ മുംബൈയിലെ വിഖ്രോളിയില്‍ താമസമുറപ്പിച്ചു. അമിത് പവാര്‍ എന്ന പേരില്‍ ആധാര്‍ കാര്‍ഡ് കരസ്ഥമാക്കി പ്രതി വിവാഹിതനാവുകയും ഭാര്യക്ക് രാഷ്ട്രീയ ജീവിതം വരെ ഉറപ്പുവരുത്തുകയും ചെയ്തു. കൊലപാതകം നടന്ന ലോണവാലയിലേക്ക് അവിനാഷ് ഒരിക്കല്‍ പോലും പിന്നീട് പോയിരുന്നില്ല.
മറ്റൊരു പേരില്‍ ജീവിച്ചിരുന്ന അവിനാഷിന് താനൊരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഇതാണ് ഇയാള്‍ മദ്യലഹരിയിലായിരുന്നപ്പോള്‍ മൂന്നുപതിറ്റാണ്ടുമുമ്പ് നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് വീരസ്യം പറഞ്ഞത്. ഈ കഥ കേട്ടയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് മുംബൈ ക്രൈംബ്രാഞ്ച് വിഖ്രോലിയില്‍ നിന്ന് അവിനാഷിനെ പിടികൂടിയത്. ദമ്പതികളുടെ വീടിനു സമീപം താന്‍ കട നടത്തിയിരുന്നുവെന്നും ആസൂത്രണം ചെയ്ത പ്രകാരം മോഷണം നടത്തുകയും ദമ്പതികളെ കൊല്ലുകയുമായിരുന്നുവെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





