ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ജൂട്ടാ മാര്‍ ഹോളി ഘോഷയാത്ര കടന്നുപോവുന്ന ഇടങ്ങളിലെ മസ്ജിദുകള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി. വര്‍ണങ്ങള്‍ വാരിവിതറുന്ന ഘോഷയാത്രയില്‍ നിന്ന് മസ്ജിദുകളെ സംരക്ഷിക്കാനാണ് നടപടി. അറുപതിലേറെ മസ്ജിദുകളാണ് ഇപ്രകാരം മൂടിയിരിക്കുന്നത്.
കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജുമുഅ ദിവസമാണ് ഹോളി ആഘോഷവും നടക്കുന്നത്.
|
കാളവണ്ടിയില്‍ ഇരിക്കുന്ന ബ്രിട്ടീഷ് പ്രഭു ലാട്ട് സാഹിബിനെതിരേ കൂടിനില്‍ക്കുന്നവര്‍ ചെരിപ്പ് എറിഞ്ഞുതുടങ്ങുന്നതോടെയാണ് ഹോളി ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് വര്‍ണങ്ങളും വാരിവിതറും. ആയിരക്കണക്കിനാളുകള്‍ ഘോഷയാത്രയില്‍ അണിനിരക്കും. ഇതിനിടെ സംഘര്‍ഷമുണ്ടാവാനും മസ്ജിദുകള്‍ക്കു നേരെ വര്‍ണങ്ങളോ മറ്റു വസ്തുക്കളോ വാരിയെറിയാനുള്ള സാധ്യതയുമുണ്ട്. ഇതു പരിഗണിച്ച് കനത്ത സുരക്ഷയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.
ഘോഷയാത്ര കടന്നുപോവുന്ന ഇടങ്ങളില്‍ സിസിടിവികളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വലിയ ഘോഷയാത്രകളെ മൂന്നു സോണുകളും എട്ട് സെക്ടറുകളുമായി തിരിക്കുകയും നൂറോളം മജിസ്‌ട്രേറ്റുമാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് രാജേഷ് എസ് പറഞ്ഞു. 10 സിഐമാര്‍, 250 എസ്‌ഐമാര്‍, 1500 പോലീസുകാര്‍, രണ്ട് കമ്പനി സായുധ യൂനിറ്റുകളുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
കഞ്ചാലാലയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഫൂല്‍മതി ക്ഷേത്രത്തിലെത്തുകയും ഇവിടെ ലാട്ട് സാഹിബിന്റെ വേഷമണിഞ്ഞയാള്‍ പ്രാര്‍ഥിക്കുകയും പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് പോവുകയുമാണ് ചെയ്യുക. ഇവിടെ കഴിഞ്ഞ വര്‍ഷം ലാട്ട് സാഹിബ് ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യും. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലിയായ മദ്യക്കുപ്പിയും പണവും നല്‍കും. തുടര്‍ന്ന് ഘോഷയാത്ര ഏഴുകിലോമീറ്റര്‍ ചുറ്റി കഞ്ച ലാലയില്‍ എത്തും. പോവുന്ന വഴിയിലുടനീളം ആളുകള്‍ ലാട്ട് സാഹിബിനെതിരേ ചെരിപ്പുകളും കീറിയ വസ്ത്രങ്ങളുമെറിയും. ഇവ ശേഖരിക്കാന്‍ ഘോഷയാത്രയ്‌ക്കൊപ്പം രണ്ട് ട്രാക്ടര്‍ ട്രോളികളും അനുഗമിക്കുന്നുണ്ട്.
അതേസമയം മസ്ജുദുകള്‍ക്ക് നേരെ ചായമെറിയുന്നത് തടയാന്‍ ടാര്‍പോളിന്‍ കൊണ്ട് മൂടുന്ന നടപടിയെ ഷാജഹാന്‍പൂരിലെ മുസ് ലിംകള്‍ സ്വാഗതം ചെയ്തു. ജുമുഅ ദിവസം തന്നെ ഹോളി ആഘോഷം നടക്കുന്നതിനാല്‍ നേരത്തേ സമാധാന യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തിരുന്നു.
ALSO READ: ഇന്ന് ഹോളി: ആഘോഷത്തിൽ മുങ്ങി ഉത്തരേന്ത്യ, യുപിയിൽ പള്ളികൾ കവർ ഇട്ടു മറച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





