തിരുവനന്തപുരം: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസ് ബസ് നടുറോഡില്‍ തടഞ്ഞ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സചിന്‍ ദേവ് എംഎല്‍എയും. കെഎസ്ആര്‍ടിസി ഡ്രൈവറോട് മേയറും എംഎല്‍എയും ഒപ്പമുണ്ടായിരുന്ന യുവാക്കളും കുപിതരാവുകയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇതിനു മറുപടി നല്‍കുകയും ചെയ്തതോടെ രംഗം വഷളായി. വാക്‌പോരിനൊടുവില്‍ ആര്യാ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കുകയും ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്തു.(Mayor Arya Rajendran and Sachin Dev MLA stops KSRTC bus accusing not given side for car)
|
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വച്ചാണ് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് പോര് ഉണ്ടായത്. അതേസമയം മേയറും സംഘവും ഇടതുവശത്തുകൂടിയാണ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതെന്നും തന്റെ അച്ഛനുവിളിച്ചതിനാലാണ് താനതു ചോദ്യം ചെയ്തതെന്നും കെഎസ്ആര്‍ടിസി തമ്പാരൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദു എല്‍ എച്ച് പ്രതികരിച്ചു. മേയറും എംഎല്‍എയുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചതെന്നും സര്‍വീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ടെന്നും യദു പറഞ്ഞു. എന്നാല്‍ യദുവിന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് യദു പറയുന്നത് ഇങ്ങനെ:
ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കാനാകും? പ്ലാമൂട് വണ്‍വേയിലൂടെയാണ് കയറിവരുന്നത്. ബസ് പോകാനുള്ള വീതിയെ റോഡിനുള്ളു. അതിന്റെ ഇടയില്‍ കൂടി കാറിനെ കടത്തിവിടാനുള്ള സ്ഥലമില്ല. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വെച്ച് കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയത്. കാറില്‍ നിന്ന് രണ്ട് ചെറുപ്പക്കാരാണ് ആദ്യം ഇറങ്ങി വന്നതെന്നും അവര്‍ റോഡ് എന്റെ അച്ഛന്റെ വകയാണോ എന്നായിരുന്നു ചോദിച്ചതെന്നും യദു പറഞ്ഞു. തിരിച്ച് താനും അത് തന്നെ ചോദിച്ചുവെന്നും യദു പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനെയോ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനെയോ കണ്ട് പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. ബസിന് പിന്നാലെ വന്ന് ഹോണ്‍ അടിക്കുകയും സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടും കാര്‍ കയറിപ്പോവാതിരിക്കുകയും പിന്നീട് ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ശേഷം തന്നെ അസഭ്യം പറയുകയായിരുന്നുവെന്നും യദു പറഞ്ഞു.
മേയറോട് ഒന്നും മോശമായി പറഞ്ഞില്ലെന്നും എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകുമെന്നും അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു വെളിപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





