13
Jun 2024
Mon
13 Jun 2024 Mon
MES HSS Vandanmedu merit day and entrance festival

ആമയാര്‍: വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോല്‍സവവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരിച്ചടിയില്‍ തളര്‍ന്ന് പോവാതെ ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രയത്‌നിക്കുകയാണ് ജീവിതവിജയം കൈവരിക്കാനുള്ള പോംവഴിയെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി. എ പ്ലസുകള്‍ നേടുക മാത്രമല്ല ജീവിതം. അതിനപ്പുറം സ്വപ്നംകാണുന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ നിരന്തര പരിശ്രമവും സ്ഥിരോല്‍സാഹവും ഉണ്ടാവണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ തനിക്ക് നേരിടേണ്ടി വന്ന തുടര്‍ച്ചയായ പരാജയങ്ങളില്‍ നിരാശനാകാതെ സ്ഥിരോല്‍സാഹത്തോടെ കഠിനാധ്വാനം ചെയ്തത് കൊണ്ടാണ് താന്‍ ഇന്ന് കാണുന്ന പദവിയിലെത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.

എംഇഎസ് സ്റ്റേറ്റ് സിലബസ് സ്‌കൂള്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി യു ഹംസക്കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി ഷാജിമോന്‍ പുഴക്കര, പ്രിന്‍സിപ്പല്‍ ഫിറോസ് സി എം, ഹെഡ്മിസ്ട്രസ് മായ വസുന്ധര, പി ടി എ പ്രസിഡന്റ് ഷോജി മാത്യു, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാഖ് പി എച്ച്, ട്രഷറര്‍ ഫൈസല്‍ കമാല്‍, അധ്യാപകരായ റിയാസ് എസ്, അബ്ദുല്‍ ഗഫൂര്‍ ടി പി സംസാരിച്ചു, ജോര്‍ജ് ബിജോ ജോസഫ് സംസാരിച്ചു.