ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി; തമിഴ് മന്ത്രിസഭയ്ക്ക് യുവമുഖം, ഇന്ന് അധികാരമേൽക്കും.
|

ചെന്നൈ: മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധിയുടെ സത്യപ്രതിജ്ഞ നടക്കുക. ഏറെ നാളായി തമിഴകം പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ നീക്കമായിരുന്നു ഇത്. നേരത്തെ സ്റ്റാലിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. ഉദയനിധിയെ തന്റെ പിൻഗാമിയായി സ്റ്റാലിൻ ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങുകൂടിയാണ് ഇന്ന് നടക്കാൻ പോകുന്നത്. നിലവിൽ DMK യുവജന വിഭാഗം അധ്യക്ഷൻ ആണ് ഉദയനിധി.
ചെപ്പോക്ക് അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംഎൽഎ ആണ് അദേഹം.
സ്റ്റാലിൻ മന്ത്രിസഭയ്ക്ക് ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. 2026 ഏപ്രിൽ- മെയ് മാസങ്ങളിൽ ആകും തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുക.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ പ്രധാന പ്രചാരകൻ ഉദയനിധി ആയിരുന്നു. മാർച്ചിൽ 16 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലായി 121 സ്ഥലങ്ങളിൽ ഉദയനിധി പ്രചാരണപരിപാടികൾ നടത്തിയിരുന്നു.
നിരവധി സിനിമകളിൽ വേഷമിടുകയും നിർമിക്കുകയും ചെയ്ത ഉദയനിധിക്ക് തമിഴ് യുവാക്കൾക്ക് ഇടയിൽ വൻ സ്വാധീനം ഉണ്ട്.
ഒരു കാലത്ത് പിതാവായ കരുണാനിധിയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആയിരുന്നൂ സ്റ്റാലിൻ. 2006-11 കാലയളവിലായിരുന്നു സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു സ്റ്റാലിനെ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി ഉപമുഖ്യമന്ത്രിയായി ഉയർത്തുകയായിരുന്നു. സമാന രാഷ്ട്രീയ സാഹചര്യത്തിന് ആണ് ഇന്ന് തമിഴകം സാക്ഷ്യം വഹിക്കുന്നത്.
MK Stalin appoint Udhayanidhi as Tamil Nadu Deputy Chief Minister





