മകന് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി മരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാംപസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥി സജിന്‍ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് ബുധന്‍ പുലര്‍ച്ചെ രണ്ടോടെ കിണറ്റില്‍ ചാടി മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സജിന്‍ മുഹമ്മദ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കാംപസിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചത്. സ്കൂള്‍ അധ്യാപികയാണ് ഷീജാ ബീഗം. ഭര്‍ത്താവ് സുലൈമാന്‍ വനംവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. മകള്‍ വിദ്യാര്‍ഥിയാണ്.
|
സര്‍വകലാശാല അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സജിന്റെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടില്‍ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോവുകയായിരുന്നു. ഷീജ മകന്റെ മരണവിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ അര്‍ധരാത്രിയോടെ മകന്റെ മരണവിവരം ഫേസ്ബുക്കിലൂടെ അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു. ഷീജാ ബീഗത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സജിന്‍ മുഹമ്മദിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.





