26
May 2025
Thu
26 May 2025 Thu

ചെന്നൈ: മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്റെ മുന്നോടിയായി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നലെ ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വാഹക സമിതി യോഗം അംഗീകാരം നല്‍കി. മുസ്‌ലിം ലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് സമദാനി ,ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് , കെ.പി.എ മജീദ്, നവാസ് കനി എം.പി, ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം , തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍ സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ് അടക്കമുള്ള പോഷകസംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് പുതിയ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Muslim League National Council in Chennai today; National office bearers will attend