ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന്റെ ദക്ഷിണേന്ത്യക്ക് പുറത്തുള്ള ആദ്യ ആസ്ഥാനം ഡൽഹിയിലെ ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു. ലീഗിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് ഉദ്ഘാടനം ചെയ്തത്. ഡൽഹി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഇൻഡോർ സ്‌റ്റേഡിയത്തിൽ മുസ് ലിംലീഗ് നേതൃത്വത്തിന്റെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ വിർച്വൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്.
|
ഖാഇദെ മില്ലത്ത് സെന്റർ കേന്ദ്രീകരിച്ച് മുസ് ലിം ലീഗിന്റെ സാമൂഹിക ശാക്തീകരണ പദ്ധതികളും മതനിരപേക്ഷ ഇടപെടലുകളും കൂടുതൽ സജീവമായി നടപ്പാക്കുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടനാ സംരക്ഷണം, നീതിയുടെ രാഷ്ട്രീയം, എല്ലാ വിഭാഗങ്ങളുടെയും ശാക്തീകരണം എന്നിവ ഉറപ്പുവരുത്തുന്നതിൽ മുസ് ലിംലീഗ് ദേശീയ രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനാ നിർമ്മിതിക്കും ന്യൂനപക്ഷങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയത്തിനും ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ് നൽകിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസികൾ, ദളിതർ, പീഡിതവർഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ ഞങ്ങൾ കൂടെയുണ്ടാകും.
സാധാരണക്കാരായ പ്രവർത്തകരുടെ സാമ്പത്തികവും വൈകാരികവുമായ പിന്തുണയിലൂടെയാണ് ദേശീയ ആസ്ഥാനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. കാലതാമസത്തിന്റെ കുറ്റബോധമില്ലാതെ ആത്മസംതൃപ്തിയോടൊണ് തങ്ങൾ ഓഫീസ് തുറക്കുന്നത്. ദേശീയ ഓഫീസ് തലസ്ഥാനത്തെ ഒരു രാഷ്ട്രീയ ഓഫീസ് മാത്രമല്ല, മറിച്ച് അത് സമൂഹങ്ങളുടെ ശാക്തീകരണത്തെയും ഐക്യത്തെ പരിപോഷിപ്പിക്കുകയും സജീവമായ മതേതര ഇടപെടലുകളുടെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളും. അതോടൊപ്പം അത് രാജ്യത്തെ വൈവിധ്യത്തെ നിലനിർത്താൻ നിലകൊള്ളും. ഏക സിവിൽ കോഡിനെ തങ്ങൾ എതിർക്കുന്നത് അത് ഈ വൈവിധ്യത്തിന് എതിരായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
മുസ് ലിം ലീഗ് ദേശീയ പ്രസഡിന്റ് കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, തമിഴ്നാട് ന്യൂനപക്ഷകാര്യ മന്ത്രി തിരുഅവടി എസ്.എം നസാർ, മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജാർഖണ്ഡ് മുക്തിമോർച്ച എം.പി സർഫറാസ് അഹമ്മദ്, മുസ് ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുർറം അനീസ് ഉമർ, അഡ്വ. ഹാരിസ് ബീരാൻ എം.പി, അബ്ദുൽബാസിദ്, നവാസ് കനി എം.പി, ദേശീയ അസി. സെക്രട്ടറി ഫാത്തിമ മുസഫർ, ജയന്തി രാജൻ, സമാജ് വാദി പാർട്ടി എം.പി മൗലാന മൊഹിബ്ബുള്ള നദ്വി പ്രസംഗിച്ചു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി നന്ദി പറഞ്ഞു. റാജിഅ് അലി ശിഹാബ് തങ്ങൾ ഖിറാഅത്ത് നടത്തി.
Muslim League’s first headquarters outside South India: Qaeda Millat Center inaugurated in Delhi


