26
Apr 2025
Thu
26 Apr 2025 Thu
Mob lynching Gujarath

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 32 വയസ്സുള്ള മുസ്ലിം യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ ജീവനോടെ ചുട്ടുകൊന്നതാണെന്ന് കുടുംബം ആരോപിച്ചു. (Muslim man dies in car fire in Gujarat, family accuses cow vigilantes of burning him alive)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹ്‌മദാബാദിലെ മിര്‍സാപൂര്‍ നിവാസിയായ മുഹമ്മദ് ബുറ ഹബീബുല്ലയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 20 രാത്രി 10 മണിയോടെയാണ് മുഹമ്മദ് ബുറയും സുഹൃത്ത് സെയ്ദ് മുഹമ്മദ് റഫീക്കും വീട്ടില്‍ നിന്നിറങ്ങിയത്. സാധന സാമഗ്രികള്‍ കടത്തുന്നതിന് വേണ്ടിയാണ് പോകുന്നതെന്നാണ് ഇരുവരും കുടുംബത്തോട് പറഞ്ഞിരുന്നത്.

എന്നാല്‍, അടുത്ത ദിവസം രാവിലെ 11 മണിയോടെ സത്‌ലജിലെ നര്‍മദ കനാലിന് സമീപം കാര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഹമ്മദ് ബുറയുടെ മൃതദേഹം കാറിനകത്ത് കത്തിയ നിലയിലാണ് കണ്ടെത്തിയത്.

അതേസമയം, സെയ്ദ് മുഹമ്മദ് റഫീഖി(26)നെ ഗുരുതരാവസ്ഥയില്‍ സോല സിവില്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തോളമായി ബജ്‌റംഗ ദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരുവരും പറഞ്ഞിരുന്നു.

എന്നാല്‍, സംഭവം അപകടകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരും വര്‍യാന ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് എന്തിലോ ഇടിച്ച് തീപ്പിടിച്ചതായാണ് കരുതുന്നതെന്ന് സാന്തെജ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ മുച്ചല്‍ പറഞ്ഞു. രണ്ടു പേരും കാറിനകത്ത് കുടുങ്ങിയതായാണ് കരുതുന്നത്.

എന്തെങ്കിലും തരത്തിലുള്ള അക്രമം നടന്നതിന് തെളിവുകളില്ലെന്നും എന്നാല്‍, എല്ലാ വശവും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുമെന്നും പോലീസ് പറഞ്ഞു.

കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മോഡലില്‍ ബിജെപി, മുസ്ലിംകളുടെ രക്തം വെള്ളത്തേക്കാള്‍ വില കുറഞ്ഞതാക്കി മാറ്റിയെന്ന് എഐഎംഐഎം അഹ്‌മദാബാദ് സിറ്റി വക്താവ് അസ്ലം ശെയ്ഖ് ആരോപിച്ചു. ഇവരുടെ കൈയില്‍ നിന്ന് മാംസം കണ്ടെത്തിയെന്നാണ് അവര്‍ ആരോപിക്കുന്നത്. അത് എന്ത് മാംസമായാലും കൈകാര്യം ചെയ്യാന്‍ ഇവിടെ കോടതിയുണ്ടെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.