08
Jul 2023
Fri
08 Jul 2023 Fri

Breaking news…അയാള്‍ കൊല്ലപ്പെട്ടില്ല; കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തി; മൃതദേഹത്തിനായി തിരഞ്ഞ പോലീസ് കുഴങ്ങി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പരുത്തിപ്പാറ കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കണ്ടെത്തി. യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റിയതോടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പോലീസിനെ കുഴക്കി നൗഷാദ് തിരിച്ചുവന്നത്. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയില്‍ നിന്നാണെന്നും ഇയാളെ അല്‍പ സമയത്തിനകം കസ്റ്റഡിയിലെടുക്കുമെന്നും കോന്നി ഡി.എസ്.പി പറഞ്ഞു.

നേരത്തെ നൗഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യ അഫ്‌സാന പൊലീസിനോട് പറഞ്ഞത്. ഭാര്യയുടെ മൊഴി കളവായിരുന്നെന്നും പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് അഫ്‌സാന നല്‍കിയ ഒടുവിലത്തെ മൊഴി. തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന പശ്ചാത്തലത്തില്‍ നൂറനാട് പണയില്‍ സ്വദേശി അഫ്‌സാനയെ പൊലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കാനിരിക്കുകയായിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഫ്‌സാന നിലവില്‍ റിമാന്‍ഡിലാണ്. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നൗഷാദിനെ കണ്ടെത്തിയതോടെ ഈ കേസിന്റെ ഭാവി എന്താകുമെന്ന് അറിയില്ല.

നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന വെളിപ്പെടുത്തിയിരുന്നു. നൗഷാദിന് വാടക വീട് ശരിയാക്കിക്കൊടുത്ത ബ്രോക്കറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നൗഷാദിന്റെ മൃതദേഹത്തിനായി ഇവര്‍ താമസിച്ച വാടക വീട്ടില്‍ ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തുകയുണ്ടായി.

പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയില്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇന്നലെയാണ് ഭാര്യ അറസ്റ്റിലാകുന്നത്. എന്നാല്‍, പരസ്പര വിരുദ്ധമായ മൊഴികളിലൂടെ മണിക്കൂറുകളോളമാണ് അഫ്‌സാന ഇന്നലെ പൊലീസിനെ വട്ടംചുറ്റിച്ചത്. ദൃശ്യം മോഡല്‍ കൊലപാതകം എന്ന് പൊലീസുകാര്‍ പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടാത്ത കേസില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. അതേസമയം അഫ്സാനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നു കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക