30
Mar 2023
Thu
30 Mar 2023 Thu

ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദേശീയ തലത്തിൽ ഉർന്നുവരേണ്ട ബി.ജെ.പി വിരുദ്ധ സഖ്യത്തെ കുറിച്ച് ചർച്ചചെയ്യാൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സ്വന്തം വസതിയിൽ ഇന്ന് വൈകിട്ട് ആറുമണിക്കാണ് യോഗം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. ഇ.വി.എം കൃത്യതയുള്ളതായിരിക്കണമെന്നും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പരിഹരിക്കണമെന്നും പവാർ അഭിപ്രായപ്പെട്ടു. ‘ഉള്ളിൽ ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാമെന്നും ജനാധിപത്യത്തെ അശാസ്ത്രീയ ഘടകങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും വിദഗ്ധർ പറഞ്ഞു. അതിനാൽ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ താൽപര്യം കണക്കിലെടുത്ത്, പ്രമുഖ ഐടി പ്രൊഫഷണലുകളുടെയും ക്രിപ്റ്റോഗ്രാഫർമാരുടെയും അഭിപ്രായങ്ങൾ നമ്മൾ ഒരുമിച്ച് ഇരുന്നു കേൾക്കണം’, പ്രതിപക്ഷ നേതാക്കൾക്ക് പവാർ അയച്ച കത്തിൽ പറഞ്ഞു.

നിരവധി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും. ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷ നിരയിൽ ഐക്യം കൊണ്ടുവരാനുള്ള നിരവധി ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. സമീപകാലത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഇതേ രീതിയിൽ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനിടെ ദേശീയ വ്യാപനമുള്ളതിനാൽ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യമില്ലെന്ന നിലപാടിലാണ് പാർട്ടി.